പുതിയ ഉടമസ്ഥരായ ലിബർട്ടി മീഡിയയുടെ അഭിരുചിക്കൊത്തു ഫോർമുല വൺ മുഖം മിനുക്കുന്നു. അടുത്ത സീസണോടെ ഫോർമുല വൺ കാറോട്ട മത്സരത്തെ ഉടച്ചു വാർക്കാനാണ് ലിബർട്ടി മീഡിയയുടെ നീക്കം. ഇതിന്റെ തുടക്കമെന്ന നിലയിൽ ഈ സീസണിലെ അവസാന മത്സരമായിരുന്ന, യാസ് മരീന സർക്യൂട്ട് ആതിഥ്യമരുളിയ അബുദാബി ഗ്രാൻപ്രിക്കിടെ ഫോർമുല വണ്ണിന്റെ പുതിയ ലോഗോയും ലിബർട്ടി മീഡിയ അനാവരണം ചെയ്തു.
കഴിഞ്ഞ 23 വർഷമായി ഉപയോഗത്തിലുണ്ടായിരുന്ന എഫ് വൺ ലോഗോയാണ് ഇതോടെ ചരിത്രമായത്. അബുദാബി ഗ്രാൻപ്രിയുടെ സമ്മാനദാന ചടങ്ങിനു ശേഷമായിരുന്നു ലാളിത്യം തുളുമ്പുന്ന പുത്തൻ ലോഗോയുടെ അരങ്ങേറ്റം. 2018 സീസണിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന സമഗ്രമായ അഴിച്ചുപണിക്കാണ് പുതിയ ലോഗോയുടെ വരവോടെ തുടക്കമാവുന്നത്. ഫോർമുല വൺ ലോഗോ മാറ്റത്തെ രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷനും(എഫ് ഐ എ) പിന്തുണച്ചിട്ടുണ്ട്.
ആധുനിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ വിധത്തിലാണു കാഴ്ചയിൽ ലളിതമായ പുത്തൻ എഫ് വൺ ലോഗോയുടെ രൂപകൽപ്പന. ഫിനിഷ് ലൈൻ കടക്കാനായി പരസ്പരം മത്സരിച്ചോടുന്ന രണ്ടു കാറുകളെയാണ് പുതിയ ലോഗോ പ്രതിനിധാനം ചെയ്യുന്നതെന്ന് എഫ് വൺ വിപണന വിഭാഗം മേധാവി എല്ലി നോർമാൻ വിശദീകരിച്ചു. നിലവിലുള്ള ചിഹ്നത്തെ അപേക്ഷിച്ചു കൂടുതൽ വൈവിധ്യവും കാറിന്റെ ആകൃതിയിൽ നിന്നു പ്രചോദിതമായ ലോഗോ വാഗ്ദാനം ചെയ്യുന്നു.
ലോഗോയുടെ മധ്യത്തിൽ അതിവിദഗ്ധമായി ഒളിപ്പിച്ച ‘ഒന്ന്’ എന്ന അക്കമായിരുന്നു കളമൊഴിഞ്ഞ ലോഗോയുടെ പ്രധാന ആകർഷണം. എന്നാൽ ഈ ‘ഒന്ന്’ തിരിച്ചറിയാൻ അധികമാർക്കുംകഴിയുന്നില്ലെന്നാണു പുതിയ ഉടമകളുടെ വിലയിരുത്തൽ. ഡിജിറ്റൽ മാധ്യമങ്ങളിലും മർച്ചന്റൈസിലുമൊക്കെ ഉപയോഗിക്കുമ്പോൾ പുതിയ ലോഗോയാവും കൂടുതൽ പ്രയോജനപ്രദമെന്നും ലിബർട്ടി മീഡിയ കരുതുന്നു.
നീണ്ട 23 വർഷമായി തുടരുന്ന പഴയ ലോഗോയോട് ഏറെ ആദരമുണ്ടെന്നായിരുന്നു എഫ് വൺ വാണിജ്യ വിഭാഗം മേധാവി സീൻ ബ്രാച്ചസിന്റെ പ്രതികരണം. എന്നാൽ ഡിജിറ്റൽ യുഗത്തിലെ എഫ് വണ്ണിന്റെ ഭാവിയെക്കുറിച്ചുള്ള വീക്ഷണത്തിൽ ഒളിഞ്ഞിരിക്കുന്ന ‘ഒന്ന്’ പോരായ്മയാണെന്നും അദ്ദേഹം വിലയിരുത്തി.
പുതിയ ഉടമസ്ഥർക്കു കീഴിൽ ഫോർമുല വണ്ണിലെ പൂർണതോതിലുള്ള പരിഷ്കാരങ്ങൾ അടുത്ത മാർച്ച് 25ന് നടക്കുന്ന ഓസ്ട്രേലിയൻ ഗ്രാൻപ്രിയോടെ നാന്ദിയാവുമെന്നാണു സൂചന. ടെലിവിഷൻ സംപ്രേഷണത്തിനുള്ള പുതിയ ഗ്രാഫിക്സ് പാക്കേജും പുത്തൻ വെബ് പ്ലാറ്റ്ഫോമുമൊക്കെ ഇതോടെ അരങ്ങേറ്റം കുറിച്ചേക്കും.