എതിരാളികളായ ഫെറാരിയുടെ പുതിയ കാർ അവതരണ വേളയിൽ തന്നെ ടീമിന്റെയും പുത്തൻ കാർ ട്രാക്കിലിറക്കാൻ ചാംപ്യൻമാരായ മെഴ്സീഡിസിന്റെ നീക്കം. ബ്രിട്ടീഷ് ടീമായ മെഴ്സീഡിസിനായി 2018 ഫോർമുല വൺ ലോക ചാംപ്യൻഷിപ് സീസണിൽ പട നയിക്കേണ്ട ‘ഡബ്ല്യു 09’ കാറിന്റെ അവതരണ ചടങ്ങ് അടുത്ത മാസം 22നാണു നിശ്ചയിച്ചിരിക്കുന്നത്. സീസണു മുന്നോടിയായുള്ള പരീക്ഷണ ഓട്ടങ്ങൾക്കായി സജ്ജീകരിച്ച കാർ നാലു തവണ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിയ ലൂയിസ് ഹാമിൽറ്റനും സഹഡ്രൈവർ വൽത്തേരി ബൊത്താസും ചേർന്നാണു സിൽവർസ്റ്റോണിൽ അനാവരണം ചെയ്യുക.
സ്പെയിനിലെ കാറ്റലുന്യ സർക്യൂട്ടിൽ ഫെബ്രുവരി 26നാണു ടീമുകളുടെ സീസൺ പൂർവ പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. ഇതിനും നാലു ദിവസം മുമ്പേയാണു ഫെറാരിയുടെ പുത്തൻ കാർ ട്രാക്കിലിറങ്ങുന്നത്. ഫെറാരിയുടെ കാർ അവതരണ ചടങ്ങുകൾ ഓൺലൈനിൽ പ്രതീക്ഷിക്കുന്നുണ്ട്; മെഴ്സീഡിസും സിൽവർസ്റ്റോണിൽ നിന്നുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഫെറാരിയുടെ കാർ അവതരണ ചടങ്ങുമായി കൂട്ടിമുട്ടലുണ്ടാവാത്ത വിധത്തിലാവും ടീമിന്റെ കാർ അനാവരണം നടത്തുകയെന്നും മെഴ്സീഡിസ് സൂചിപ്പിച്ചു.
അതേസമയം ഫെബ്രുവരി 23നു പുതിയ കാർ അനാവരണം ചെയ്യുമെന്നു മക്ലാരനും പ്രഖ്യാപിച്ചിട്ടുണ്ട്. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുമായി വഴി പിരിഞ്ഞ ശേഷം റെനോ എൻജിനുകളുമായാവും 2018ൽ മക്ലാരന്റെ പോരാട്ടം. ഹോണ്ടയുടെ പുതിയ പങ്കാളികളായ ടോറൊ റോസൊയാവട്ടെ 25ന് ബാഴ്സലോനയിലാണു പുതിയ കാർ പുറത്തിറക്കുക. പ്രത്യേക ചടങ്ങൊന്നുമില്ലാതെ പുതിയ കാർ ട്രാക്കിലിറക്കാനും ചില ടീമുകൾ ഒരുങ്ങുന്നുണ്ട്. പരീക്ഷണ ഓട്ടം തുടങ്ങുന്ന 26നു രാവിലെയാവും ഇവയുടെ അരങ്ങേറ്റം.