ഫോർമുല വൺ കാറും സാധാരണ നിരത്തിനായി രൂപകൽപ്പന ചെയ്ത കാറുമായുള്ള മത്സര ഓട്ടത്തിന് അഡിലെയ്ഡ് വേദിയാവുന്നു. അടുത്ത ആഴ്ചത്തെ അഡിലെയ്ഡ് മോട്ടോർ സ്പോർട്സ് ഫെസ്റ്റിവലി(എ എം എഫ്)ന്റെ പ്രധാന ആകർഷണളും ആരോസ് ടീമിന്റെ എഫ് വൺ കാറും 1,200 എച്ച് പി എൻജിനുള്ള ‘ടൊയോട്ട 86’ കാറുമായുള്ള ഓട്ടമത്സരമാവും. വിക്ടോറിയ പാർക്ക് ട്രാക്കിലെ പഴയ അഡിലെയ്ഡ് ഗ്രാൻപ്രി സർക്യൂട്ടാണു മത്സര ഓട്ടത്തിന്റെ വേദി.
വേൾഡ് ടൈം അറ്റാക്ക് ജേതാവും സൂപ്പർ കാഴ്സ് താരവുമായ ടിം സ്ലെയഡാവും ‘ഡബള്യു ടി എഫ് 86’ കാറിന്റെ സാരഥി; ‘നിസ്സാൻ ജി ടി — ആറി’ൽ നിന്നെടുത്തു പരിഷ്കരിച്ച ‘വി ആർ 38’ എൻജിനാണ് ‘ടൊയോട്ട 86’ കാറിനു കരുത്തേകുന്നത്. ഫുട്വർക്ക് ആരോസ് ടീമിനായി 1994ൽ ട്രാക്കിലിറങ്ങിയ ‘എഫ് എ 15’ കാറാണു ‘ഡബ്ല്യു ടി എഫ് 86’ കാറിന് എതിരാളി. എ എഫ് എഫ് അരങ്ങേറുന്ന ശനിയാഴ്ച ഉച്ചയ്ക്ക് പഴയ അഡിലെയ്ഡ് ഗ്രാൻപ്രി സർക്യൂട്ടിൽ അരങ്ങേറുന്ന റോളിങ് സ്റ്റാർട് റേസിൽ സൂപ്പർകാർ ടു ഡ്രൈവറായ ജോഷ് കീനാവും ‘ആരോസി’ന്റെ കോക്പിറ്റിൽ.
മത്സരഓട്ടത്തിനു പുറമെ വെള്ളിയാഴ്ച ‘പീക്ക് അവർ ഓഫ് പവർ’ പ്രദർശനത്തിനും എ എം എഫ് സംഘാടകർ തയാറെടുക്കുന്നുണ്ട്. കാർ പ്രേമികളുടെ മനംവർന്ന ഒട്ടേറെ ട്രാക്കുകൾ നിരത്തിലെത്തുമ്പോൾ പ്രമുഖ ഓസ്ട്രേലിയൻ ഡ്രൈവർമാരാണു സാരഥികളാവുക. നഗരമധ്യത്തിൽ അരങ്ങേറുന്ന പരേഡിൽ എഫ് വൺ കാറുകളുടെയും ധാരാളിത്തം പ്രതീക്ഷിക്കാം; കീൻ ഓടിക്കുന്ന ‘ആരോസ് എ 21’, കാമറോൺ വാട്ടേഴ്സിന്റെ സാരഥ്യത്തിൽ 1986 ‘ബെനിറ്റൻ’, ‘എഫ് എ 15’ കാറുമായി സ്ലെയ്ഡ് എന്നിവരും ‘സൂപ്പർ 5000’ മാതൃകയുമായി ഗാർത് ടാൻഡറും ‘ഫെറാരി എഫ് എക്സ് എക്സു’മായി ക്രെയ്ഗ് ലോണ്ടെസും നിരത്തിലെത്തും.