ഫോർമുല വണ്ണിൽ നിന്നുള്ള പിൻമാറ്റം ഇറ്റാലിയൻ ടീമായ ഫെറാരിക്കു തിരിച്ചടിയാവുമെന്നു രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) പ്രസിഡന്റ് ജീൻ ടോഡ്. ടീമിന്റെ താൽപര്യങ്ങൾ അവഗണിച്ചുള്ള തീരുമാനങ്ങൾ തുടർന്നാൽ ഫോർമുല വൺ ഉപേക്ഷിക്കുന്നതടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് അടുത്തയിടെ ഫെരാരി ചെയർമാൻ സെർജിയൊ മാർക്കിയോണിയാണു മുന്നറിയിപ്പു നൽകിയത്. ഫോർമുല വൺ ലോക ചാംപ്യൻഷിപ് നിലവിൽവന്ന 1950 സീസൺ മുതൽ മത്സരരംഗത്തുള്ള ടീമാണു ഫെറാരി; പോരെങ്കിൽ ഏറ്റവുമധികം വിജയങ്ങളുമായി എഫ് വണ്ണിലെ ഗ്ലാമർ ടീമും ഫെറാരി തന്നെ.
ഇതൊക്കെ പരിഗണിച്ചാവാം ഫെറാരി പിൻമാറുന്നതു കാണാൻ ആഗ്രഹമില്ലെന്നു ടീമിന്റെ മുൻ മേധാവി കൂടിയായ ജീൻ ടോഡ് വ്യക്തമാക്കിയത്. ഏഴു തവണ ലോക ചാംപ്യൻപട്ടം നേടിയ മൈക്കൽ ഷൂമാക്കറുടെ പ്രതാപിയായിരുന്ന 2000 കാലത്ത് ഫെറാരിയുടെ ടീം പ്രിൻസിപ്പലായിരുന്നു ഫ്രഞ്ചുകാരനായ ടോഡ്. ഫെറാരി കളമൊഴിയുന്നതു ഫോർമുല വണ്ണിനും നല്ലതല്ലെന്ന് അബുദാബി ഗ്രാൻപ്രിക്കിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. റേസിങ് കാറിന്റെയും റോഡ് കാറിന്റെയും സമന്വയമെന്ന നിലയിൽ ഫെറാരി അപൂർവ ബ്രാൻഡാണെന്നു ടോഡ് കരുതുന്നു. അതുകൊണ്ടുതന്നെ ഫെറാരിയുടെ പിൻമാറ്റം ഫോർമുല വണ്ണിനെ വേദനിപ്പിക്കാതിരിക്കില്ല.
വില കുറഞ്ഞതും ശബ്ദമേറിയതുമായ പുതിയ എൻജിൻ 2021 സീസണോടെ അവതരിപ്പിക്കാനുള്ള എഫ് ഐ എയുടെയും ലിബർട്ടി മീഡിയയുടെയും നീക്കമാണു മാർക്കിയോണിയെ ചൊടിപ്പിച്ചത്. കൂടാതെ 2020ൽ നിലവിലുള്ള കരാറിന്റെ കാലാവധി തീരുന്നതോടെ ഫോർമുല വണ്ണിൽ നിന്നുള്ള വരുമാനം ടീമുകൾക്കിടയിൽ തുല്യമായി പങ്കിടാനും ഇപ്പോൾ നിലനിൽക്കുന്ന അസമത്വം ഇല്ലാതാക്കാനും ലിബർട്ടി മീഡിയയ്ക്കു പദ്ധതിയുണ്ട്.
സപ്തതി ആഘോഷിക്കുന്ന ഫെറാരിയുടെ ചരിത്രപരമായ പ്രാധാന്യം പരിഗണിച്ചു നിലവിൽ ഫോർമുല വണ്ണിൽ നിന്നു പ്രത്യേക സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നുണ്ട്. കൂടാതെ തീരുമാനങ്ങൾ വീറ്റോ ചെയ്യാനുള്ള സവിശേഷ അധികാരവും ടീമിന് നിലവിലുള്ള കരാർ നൽകുന്നുണ്ട്. ഫോർമുല വൺ വിടുമെന്ന ഭീഷണിക്കു ശേഷം ഇതേപ്പറ്റി പ്രതികരിക്കാൻ ഫെറാരി തയാറായിട്ടില്ല. അതുകൊണ്ടുതന്നെ ടീമിന്റെ ഭീഷണിയിൽ കഴമ്പില്ലെന്നു കരുതുന്നവരാണേറെ. അതേസമയം ഫെറാരിയുടെ ഭീഷണി ഗൗരവമായെടുക്കണമെന്ന് എഫ് വൺ മുൻ മേധാവി ബെർണി എക്ൽസ്റ്റൺ അഭിപ്രായപ്പെട്ടിരുന്നു.