സിറ്റിക്കും സിയാസിനും ഭീഷണിയാകാൻ ടൊയോട്ട വയോസ്

Vios

മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ താരമാകാൻ ടൊയോട്ട വയോസ് എത്തുന്നു. ഹോണ്ട സിറ്റി, മാരുതി സിയാസ്‍, ഹ്യുണ്ടേയ് വെർണ, ഫോക്സ്‌വാഗൻ വെന്റോ തുടങ്ങിയ കാറുകളുമായിട്ടാകും ടൊയോട്ട വയോസ് മത്സരിക്കുക. അടുത്ത വർഷം പകുതിയോടു കൂടി പുതിയ കാറിനെ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Vios

മികച്ച സ്റ്റൈലും ടൊയോട്ടയുടെ വിശ്വാസ്യതയുമായി എത്തുന്ന കാറിന് സി സെഗ്‌മെന്റിൽ മികച്ച പ്രതികരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വയോസിന്റെ പരിഷ്കരിച്ച രൂപം തായ്‌ലാൻഡിൽ ടൊയോട്ട പുറത്തിറക്കിയിരുന്നു. കാംറിയെ അനുസ്മരിപ്പിക്കുന്ന പുതിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കാറിനുണ്ട്. ഉള്ളിൽ പുതിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, പുതിയ സീറ്റുകൾ എന്നിവ നൽകിയിരിക്കുന്നു. 108 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദങ്ങൾ മാത്രമേ തായ്‌ലാൻഡിൽ വയോസിനുള്ളു. തുടക്കത്തിൽ പെട്രോൾ എൻജിനോടെയും പിന്നിട് 1.4 ലീറ്റർ ഡീസൽ എൻജിനും വയോസിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Vios

നിലവിൽ ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന കാർ പുറത്തിറങ്ങുന്ന തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2018 പകുതിയിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പുതിയ കാറിനെ ടൊയോട്ട പ്രദർ‌ശിപ്പിച്ചേക്കും. വയോസിനെ കൂടാതെ എസ്‌യുവിയായ റഷിനേയും ടൊയോട്ട ഇന്ത്യയിലെത്തിച്ചേക്കും.