പുതുവർഷത്തിൽ ഇന്ത്യയിലെ കാർ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ നാലു ശതമാനത്തോളം വില ഉയർത്താനാണു ടി കെ എമ്മിന്റെ തീരുമാനം. ഉൽപ്പാദന ചെലവിലെ വർധന പരിഗണിച്ചാണു വാഹന വില വർധിപ്പിക്കുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ച സൃഷ്ടിച്ച അധിക ബാധ്യത മൂലമുള്ള സമ്മർദം നിരന്തരമായി നിരീക്ഷിച്ചു വരികയാണെന്നും ഇപ്പോഴത്തെ നിലയിൽ തുടരാനാവില്ലെന്നുമാണു ടൊയോട്ടയുടെ വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് ഉൽപ്പാദനചെലവിലെ വർധനയിലൊരു വിഹിതം ഉപയോക്താക്കൾക്കു കൈമാറാൻ കമ്പനി തീരുമാനിച്ചത്. ഇന്ത്യൻ വാഹന വ്യവസായം അഭിമുഖീകരിക്കുന്ന പൊതുവായ പ്രവണതയാണിതെന്നും ടൊയോട്ട വിശദീകരിക്കുന്നു. ഇതോടെ ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്ന ‘ഇന്നവോ ക്രിസ്റ്റ’, ‘ഫോർച്യൂണർ’, ‘കൊറോള ഓൾട്ടിസ്’, ‘യാരിസ്’, ‘എത്തിയോസ്’, ‘എത്തിയോസ് ലിവ’, ‘കാമ്റി’, ‘ലാൻഡ് ക്രൂസർ’, ‘പ്രാഡൊ’, ‘പ്രയസ്’ തുടങ്ങിയ കാറുകൾക്കെല്ലാം പുതുവർഷത്തിൽ വിലയേറും.
പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്നു നേരത്തെ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവും പ്രഖ്യാപിച്ചിരുന്നു. കാർ വിലയിൽ നാലു ശതമാനം വരെ വർധനയാണു ജനുവരി ഒന്നിനു പ്രാബല്യത്തിലെത്തുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വില വർധനയ്ക്കു കാരണമൊന്നും ബിഎംഡബ്ല്യു വിശദീകരിച്ചിട്ടില്ല.
പുതുവർഷം മുതൽ പുതിയ വിവിധോദ്ദേശ്യ വാഹന(എംപിവി)മായ ‘മരാസൊ’യുടെ വില വർധിപ്പിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം)യും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ കാറിന്റെ വിലയിൽ 30,000 മുതൽ 40,000 രൂപയുടെ വരെ വർധനയാണു പ്രാബല്യത്തിലെത്തുന്നത്.
അവതരണ വേളയിൽ പ്രാരംഭ ആനുകൂല്യമെന്ന നിലയിലായിരുന്നു ‘മരാസൊ’യുടെ വില പ്രഖ്യാപിച്ചത്. അതിനാലാണത്രെ ജനുവരി ഒന്നു മുതൽ കാർ വില വർധിപ്പിക്കുന്നത്. അരങ്ങേറ്റം കഴിഞ്ഞ് നാലു മാസം കഴിഞ്ഞുള്ള ഈ വില വർധന തികച്ചും ന്യായമാമെന്നാണു കമ്പനിയുടെ വിലയിരുത്തൽ.