പുതിയ സെഡാനായ ‘യാരിസി’ന്റെ ഹാച്ച്ബാക്ക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട. ‘യാരിസ്’ സെഡാന്റെ അവതരണ വേളയിൽ തന്നെയാണ് കാറിന്റെ ഹാച്ച്ബാക്ക് രൂപം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തില്ലെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ രാജ വ്യക്തമാക്കിയത്. എന്നാൽ ഇപ്രകാരം തീരുമാനമെടുക്കാനുള്ള കാരണമൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.
ലോക വിപണികളിൽ പ്രീമിയം സൗകര്യങ്ങളും സംവിധാനങ്ങളുമായാണു ‘യാരിസി’ന്റെ ഹാച്ച്ബാക്ക് പതിപ്പ് വിൽപ്പനയ്ക്കെത്തുന്നത്. ഇതേ നിലവാരത്തോടെ കാർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചാൽ വില 10 മുതൽ 12 ലക്ഷം രൂപ വരെയാവുമെന്നാണു കണക്കാക്കുന്നത്. വിലയുടെ കാര്യത്തിൽ കടുംപിടുത്തമുള്ള വിപണിയായ ഇന്ത്യയിൽ ഇതോടെ ‘യാരിസ്’ ഹാച്ച്ബാക്കിന്റെ വിപണന സാധ്യത എന്താവുമെന്നു ടി കെ എമ്മിന് ആശങ്കയുണ്ടെന്നു വേണം കരുതാൻ; പ്രത്യേകിച്ച് മാരുതി സുസുക്കിയുടെ ‘സ്വിഫ്റ്റും’ ഹ്യുണ്ടേയിയുടെ ‘ഗ്രാൻ ഐ ടെന്നു’മൊക്കെ ഇതിന്റെ പാതി വിലയ്ക്കു ലഭിക്കുന്ന സാഹചര്യത്തിൽ. അതുകൊണ്ടുതന്നെ വിലയുടെ കാര്യത്തിലുള്ള ഈ അന്തരമാണ് ‘യാരിസ്’ ഹാച്ച്ബാക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് ടി കെ എമ്മിനെ വിലക്കുന്നതെന്നു വേണം കരുതാൻ.
ഏഷ്യയ്ക്കായി വികസിപ്പിച്ച ‘യാരിസ്’ ഹാച്ച്ബാക്ക് നിലവിൽ തായ്ലൻഡിൽ എത്തിയിട്ടുണ്ട്; 4.89 ലക്ഷം ബാത്ത്(ഏകദേശം 10.35 ലക്ഷം രൂപ) ആണു കാറിന്റെ വില. ‘ജെ ഇകൊ’, ‘ജെ’, ‘ഇ’, ‘ജി’ വകഭേദങ്ങളിലാണു കാർ തായ് വിപണിയിലുള്ളത്; മുന്തിയ വകഭേദത്തിനാവട്ടെ വില 6.19 ലക്ഷം ബാത്ത്(13 ലക്ഷം രൂപയിലേറെ) വരും. 1.2 ലീറ്റർ, നാലു സിലിണ്ടർ, വി വി ടി ഐ എൻജിനാണു കാറിനു കരുത്തേകുന്നത്; 87 ബി എച്ച് പി വരെ കരുത്തും 108 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന എൻജിന് കൂട്ടായി സി വ ടി — ഐ ഗീയർബോക്സ് മാത്രമാണുള്ളത്.
കാഴ്ചയിൽ സെഡാനായ ‘യാരിസി’നെയാണ് ഹാച്ച്ബാക്കും ഓർമിപ്പിക്കുക. എൽ ഇ ഡി പൊസിഷൻ ലൈറ്റ് സഹിതം പ്രൊജക്ടർ ഹെഡ്ലാംപ്, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപടക്കമുള്ള വലിയ കറുപ്പ് ഗ്രിൽ, എൽ ഇ ഡി ടെയിൽലാംപ് തുടങ്ങിയവയൊക്കെ ‘യാരിസ്’ ഹാച്ച്ബാക്കിലുമുണ്ട്. ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്മാർട് കീ/കീ രഹിത എൻട്രി, എ എം/എഫ് എംഎംസി ഡി/എം പി ത്രീ/ഡബ്ല്യു എം എഎ/ബ്ലൂ ടൂത്ത് കണക്ടിവിറ്റി സഹിതം ഓഡിയോ സംവിധാനം തുടങ്ങി സെഡാനിലുള്ള സൗകര്യങ്ങളൊക്കെ ‘യാരിസ്’ ഹാച്ച്ബാക്കിലുമുണ്ട്. ഏഴ് എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ബ്രേക്ക് അസിസ്റ്റ്, വെഹിക്ക്ൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ അസിസ്റ്റ്, റിയർ ഡീ ഫോഗർ, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം തുടങ്ങിയവയും ‘യാരിസി’ന്റെ ഹാച്ച്ബാക്ക് പതിപ്പിൽ ടൊയോട്ട ലഭ്യമാക്കുന്നുണ്ട്.
ഇത്രയുമൊക്കെ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുമ്പോൾ വില 10 ലക്ഷം രൂപയ്ക്കു മുകളിലെത്തുക സ്വാഭാവികം. വിലയുടെ കാര്യത്തിൽ മത്സരിക്കുക എളുപ്പമാവില്ലെന്ന തിരിച്ചറിവു തന്നെയാവാം ‘യാരിസ്’ ഹാച്ച്ബാക്കിനെ ഇന്ത്യയിൽ നിന്ന് അകറ്റി നിർത്താൻ ടൊയോട്ടയെ നിർബന്ധിതരാക്കുന്നത്.