വിശ്വാസ്യതയുള്ള കാറുകൾക്കു പെരുമയാർജിച്ച വാഹന നിർമാതാക്കളാണ് ടൊയോട്ട. സ്വന്തം കാറുകളുടെ ഗുണമേന്മയിൽ ആത്മവിശ്വാസമുള്ള ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം) ഇന്ത്യയിലെ മോഡൽ ശ്രേണിക്കു പുത്തൻ വാറന്റി പദ്ധതിയും പ്രഖ്യാപിച്ചു.
പുതിയ പദ്ധതി പ്രകാരം എല്ലാ മോഡലുകൾക്ക് 2.20 ലക്ഷം കിലോമീറ്റർ വരെ നീളുന്ന ദീർഘിപ്പിച്ച വാറന്റിയാണു ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ വാഗ്ദാനം. ഇതുവരെ അഞ്ചു വർഷം അഥവാ 1.80 ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണു ടി കെ എം വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോഴാവട്ടെ മൊത്തം 10 എക്സ്റ്റൻഡഡ് വാറന്റി പാക്കേജുകളാണ് ടി കെ എം ലഭ്യമാക്കുന്നത്.
അടിസ്ഥാന വാറന്റിക്കു പുറമെ ഒന്നോ രണ്ടോ വർഷ ഇടവേളകളിലേക്കോ 20,000 കിലോമീറ്റർ വീതമോ ദീർഘിപ്പിക്കാനാണ് കാർ ഉടമകൾക്ക് അവസരം. ഇത്തരത്തിൽ മൊത്തം 1.60 കിലോമീറ്ററോളം വാറന്റി നീട്ടാം. കൂടാതെ നാലും അഞ്ചും വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് 1.80 ലക്ഷം മുതൽ 2.20 ലക്ഷം കിലോമീറ്ററോളം പ്രാബല്യമുള്ള എക്സ്റ്റൻഡഡ് വാറന്റിയും ലഭിക്കും.എല്ലാ കാറുകൾക്കും മൂന്നു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന അടിസ്ഥാന വാറന്റിയാണു ടി കെ എം വാഗ്ദാനം ചെയ്യുന്നത്.
മോഡലും വാഹനത്തിന്റെ പഴക്കവും അടിസ്ഥാനമാക്കിയാണ് എക്സ്റ്റൻഡഡ് വാറന്റി പാക്കേജുകളുടെ നിരക്ക് ടി കെ എം നിശ്ചയിക്കുക. നഗരങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അടിസ്ഥാന വാറന്റി പാക്കേജ് തന്നെ പര്യാപ്തമാണെന്ന് ടി കെ എം വിലയിരുത്തുന്നു.
എന്നാൽ എസ് യു വിയായ ‘ഫോർച്യൂണർ’, എം പി വിയായ ‘ഇന്നോവ ക്രിസ്റ്റ’ തുടങ്ങിയവയുടെ ഉടമസ്ഥർക്കാണു പുതിയ ദീർഘിപ്പിച്ച വാറന്റി പാക്കേജ് കൂടുതൽ പ്രയോജനം ചെയ്യുക. ദീർഘദൂര യാത്രകൾക്ക് ഏറെ അനുയോജ്യമാണെന്നതിനാൽ ഈ ലക്ഷ്യത്തോടെയാണ് മിക്കവരും ഈ വാഹനങ്ങൾ സ്വന്തമാക്കുന്നത്.