ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷനും സുസുക്കി മോട്ടോർ കോർപറേഷനുമായുള്ള സഹകരണം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ് യു വി ബ്രെസയും പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയും ടൊയോട്ടയുടെ ആൾട്ടിസുമാണ് ബാഡ്ജ് എൻജിനീയറിങ് വ്യവസ്ഥയിൽ കൈമാറ്റം ചെയ്യപ്പെടുന്നത്. വാഹനങ്ങളുടെ ഡിസൈൻ വശങ്ങളും മാറ്റങ്ങളുമൊന്നും ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ലെങ്കിലും ടൊയോട്ട ബലേനൊയുടെ ഗ്രാഫിക്കൽ രൂപവുമായി എത്തി ബ്രസിലിയൻ ഗ്രാഫിക് ഡിസൈനർ കൽബിർ സിൽവ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾക്ക് ബലേനൊ ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അടുത്ത വർഷം മധ്യത്തോടെ മോഡൽ കൈമാറ്റം പ്രാബല്യത്തിലെത്തുമെന്നാണു സൂചന. പ്രതിവർഷം 30,000 മുതൽ അര ലക്ഷം കാറുകൾ വരെ ടൊയോട്ടയ്ക്കു നിർമിച്ചു നൽകാനാണു മാരുതി സുസുക്കിയുടെ നീക്കം. പകരം പെട്രോൾ, സങ്കര ഇന്ധന എൻജിനുകളോടെ പതിനായിരത്തോളം ‘കൊറോള’യും ടൊയോട്ടയും നിർമിച്ചു നൽകുക.
സാധാരണ ഗതിയിൽ വ്യാപാര നാമം മാത്രം മാറ്റി കാർ പുതിയ പേരിൽ വിൽപ്പനയ്ക്കെത്തിക്കുന്ന ബാജ്ഡ് എൻജിനീയറിങ്ങിനു പകരം സമൂലമായ മാറ്റമാണത്രെ ഇന്ത്യൻ വിപണിക്കായി സുസുക്കിയും ടൊയോട്ടയും പരിഗണിക്കുന്നത്. ഇതോടെ ഇരു കമ്പനികളും വിൽപ്പനയ്ക്കെത്തിക്കുന്ന കാറുകളിൽ രൂപകൽപ്പനയിലെ പരിഷ്കാരങ്ങൾക്കു പുറമെ ഗ്രിൽ, ബംപർ, ലൈറ്റ് തുടങ്ങിയവയിലും വിപുലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്വന്തം മോഡലുകൾക്ക് വേറിട്ട വ്യക്തിത്വമാണു മാരുതിയുടെയും ടൊയോട്ടയുടെയും മോഹം. അതേസമയം വില ഉയരാതെ സൂക്ഷിക്കാനായി ഷീറ്റ് മെറ്റൽ വിഭാഗത്തിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല.
സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും മാരുതിയിൽ നിന്നും ടൊയോട്ടയിൽ നിന്നുമുള്ള കാറുകൾ പങ്കാളികൾ വിൽപ്പനയ്ക്കെത്തിക്കുക; എൻജിനും ഗീയർബോക്സുമൊക്കെ ഒന്നു തന്നെയാവുമെന്നു ചുരുക്കം. സങ്കര ഇന്ധന മേഖലയിലെ വികസനത്തിൽ ടൊയോട്ടയും മാരുതിയും സഹകരിക്കുന്ന സാഹചര്യത്തിൽ ക്രമേണ മോഡലുകളിൽ ഇത്തരം പരിഷ്കാരങ്ങൾക്കും സാധ്യതയുണ്ട്.
ഇന്ത്യയിലെ ഉൽപന്ന ശ്രേണിയിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണു ടൊയോട്ട ‘വിറ്റാര ബ്രേസ’യും ‘ബലേനൊ’യും കടമെടുക്കാൻ തയാറെടുക്കുന്നത്. ഇതുവഴി ഇന്ത്യയിൽ വിൽപ്പന സാധ്യതയേറിയ കോംപാക്ട് എസ് യു വി, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗങ്ങളിലേക്ക് അനായാസം പ്രവേശിക്കാമെന്നതാണു ടി കെ എം കാണുന്ന നേട്ടം.
‘കൊറോള’ അടിസ്ഥാനമാക്കിയുള്ള സെഡാന്റെ വരവ് മാരുതി സുസുക്കിക്കും ഉണർവേകും. പ്രീമിയം ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കായി പ്രത്യേക വിപണന ശൃംഖലയായ ‘നെക്സ’ സ്ഥാപിച്ചെങ്കിലും സെഡാൻ വിഭാഗത്തിൽ മാരുതിക്ക് ‘സിയാസി’ലൊതുങ്ങുകയാണ് മാരുതി സുസുക്കിയുടെ പ്രാതിനിധ്യം. ഈ സാഹചര്യത്തിൽ മോഡലുകൾ പങ്കുവയ്ക്കാനുള്ള തീരുമാനം സുസുക്കിക്കും ടൊയോട്ടയ്ക്കും ഏറെ ഗുണകരമാവുമെന്നാണു പ്രാഥമിക വിലയിരുത്തൽ.