ബ്രിട്ടീഷ് കാർ നിർമാതാക്കളായ ‘മിനി’യുടെ ലോഗോ പരിഷ്കരിച്ചു. അടുത്ത മാർച്ച് മുതൽ നിരത്തിലെത്തുന്ന കാറുകളിൽ പുതിയ ലോഗോയാവും ഇടംപിടിക്കുകയെന്നാണു ബി എം ഡബ്ല്യു ഗ്രൂപ്പിൽപെട്ട ‘മിനി’യുടെ പ്രഖ്യാപനം.
നിലവിലുള്ള ലോഗോയിൽ നിന്നു തന്നെയാണു ‘മിനി’ പുതിയ ചിഹ്നം ആവിഷ്കരിച്ചിരിക്കുന്നത്; ക്രോം വീലും ചിറകുകളുമുൾപ്പെടുന്ന പഴയ ചിഹ്നത്തിന്റെ ലളിതവൽക്കരിച്ച പതിപ്പാണു പുതിയ ലോഗോ. ബ്രാൻഡ് പുനഃരവതരിപ്പിച്ച വേളയിൽ 2001ലാണു കമ്പനി പുതിയ ലോഗോ അനാവരണം ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ ഫ്രാങ്ക്ഫുർട് മോട്ടോർ ഷോയിൽ അനാവരണം ചെയ്ത ‘മിനി’ ഇലക്ട്രിക് കൺസപ്റ്റിലാണ് കമ്പനി പുത്തൻ ലോഗോ ആദ്യമായി പതിച്ചത്.
നിലവിലുള്ള ത്രിമാന ലോഗോയാണ് പുതിയ ‘മിനി’ ലോഗോയ്ക്കു പ്രചോദനം. പ്രധാന ഗ്രാഫിക്സ് ഘടകങ്ങളടക്കമുള്ള ‘ഫ്ളാറ്റ് ഡിസൈൻ’ ആണു പുതിയ ലോഗോയുടെ സവിശേഷത. പുതിയ ലോഗോയിലും ഇംഗ്ലീഷ് ക്യാപിറ്റൽ അക്ഷരങ്ങളിലാണ് ‘മിനി’ എന്ന എഴുത്ത്; പക്ഷേ ത്രിമാനത്തിനു പകരം ദ്വിമാന രീതിയിലാണ് എഴുതിയിരിക്കുന്നത്. ചിറകുകൾക്ക് ഗ്രേ നിറം തന്നെ തുടരും.
പുതുവർഷം മുതൽ ‘മിനി’ മോഡലുകളുടെ ബോണറ്റിലും ബൂട്ടിലും സ്റ്റീയറിങ് വീലിലും കീ ഫോബിലുമൊക്കെ പുത്തൻ ലോഗോയാവും ഇടംപിടിക്കുക. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യവും പകിട്ടുമൊക്കെ പുതിയ ലോഗോയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണു ബ്രിട്ടീഷ് ബ്രാൻഡായ ‘മിനി’യുടെ വിലയിരുത്തൽ.