ഇന്ത്യൻ എൻട്രി ലവൽ ആഡംബര കാർ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ‘മിനി’ ശ്രേണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യു തയാറെടുക്കുന്നു. അതുകൊണ്ടുതന്നെ ഇക്കൊല്ലം ആദ്യം മുതൽ ‘വൺ സീരീസ്’ നിർമാണം നിർത്തിയതായും കമ്പനി അധികൃതർ വെളിപ്പെടുത്തി.
ഇക്കൊല്ലം ആദ്യ ഏഴു മാസത്തിനിടെ മൊത്തം 5,159 യൂണിറ്റ് വിൽപ്പന നേടാൻ ‘മിനി’ക്കു കഴിഞ്ഞതായി ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ വെളിപ്പെടുത്തി. മുൻവർഷത്തെ ആകെ വിൽപ്പനയെ അപേക്ഷിച്ച് 11.7% അധികമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ‘വൺ സീരീസ്’ ഉൽപ്പാദനം നിർത്തിയതിനാൽ ഇക്കൊല്ലത്തെ കണക്കെടുപ്പിൽ ഈ മോഡലിന്റെ വിൽപ്പന ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മിനി’ ശ്രേണിയുള്ള സാഹചര്യത്തിൽ ‘വൺ സീരീസി’ന് പ്രസക്തിയില്ലെന്നാണു കമ്പനിയുടെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മിനി’യുടെ വിൽപ്പനയാവട്ടെ ഇതുവരെ 237 യൂണിറ്റിലെത്തി; മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 17% അധികമാണിത്.
ഇക്കൊല്ലം മൂന്നു പുതിയ അവതരണങ്ങൾക്കാണു ബി എം ഡബ്ല്യു തയാറെടുക്കുന്നത്; ‘ഫൈവ് സീരീസ്’, ‘സിക്സ് സീരീസ്’ ഗ്രാൻ ടുറിസ്മൊ, ‘എക്സ് ത്രീ’ എന്നിവയാണു കമ്പനി പുറത്തിറക്കുക. ആഡംബര വാഹന വിപണിയിൽ പെട്രോൾ കാറുകളോടുള്ള പ്രതിപത്തിയേറുന്നതും കമ്പനിക്കു പ്രതീക്ഷയേകുന്നുണ്ട്. നിലവിൽ കമ്പനിയുടെ മോഡൽ ശ്രേണി പൂർണമായും പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുണ്ടെന്ന് പാവ അറിയിച്ചു. അടുത്തയിടെ വിപണിയിലെത്തിയ ‘ത്രീ സീരീസ്’ പെട്രോളിനും ‘ഫൈവ് സീരീസി’നും മികച്ച സ്വീകരണമാണു വിപണിയിൽ ലഭിച്ചത്. പെട്രോൾ പതിപ്പുകൾക്കു ധാരാളം അന്വേഷണങ്ങളും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
എങ്കിലും ആഡംബര കാറുകൾക്ക് ഏർപ്പെടുത്തിയേക്കാവുന്ന അധിക സെസ് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് പാവ അഭിപ്രായപ്പെട്ടു. ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രാബല്യത്തിലെത്തി ഒറ്റ മാസത്തിനുള്ളിൽ പുതിയ സെസ് നടപ്പാക്കുന്നതിനോട് വിപണി എപ്രകാരം പ്രതികരിക്കുമെന്നതിനാലാണ് ആശയക്കുഴപ്പെന്നും അദ്ദേഹം വിശദീകരിച്ചു.