ഓൺലൈൻ വ്യവസ്ഥയിൽ കാർ വാങ്ങാനുള്ള സൗകര്യം ജർമൻ കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഇന്ത്യയിലും അവതരിപ്പിച്ചു. ഇഷ്ടമുള്ള കാർ തിരഞ്ഞെടുക്കാനും പണമടച്ചു സ്വന്തമാക്കാനുമുള്ള അവസരമാണ് ബി എം ഡബ്ല്യു ഇന്ത്യ ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാക്കുന്നത്.
കാറുകൾ താരതമ്യം ചെയ്യുക, സ്വന്തം അഭിരുചിക്കൊത്ത് കോൺഫിഗറേറ്ററിൽ കാർ രൂപകൽപ്പന ചെയ്യുക, ലഭ്യമായ വായ്പാ പദ്ധതികൾ അവലോകനം ചെയ്യുക, തിരിച്ചടവ് തിരഞ്ഞെടുക്കുക തുടങ്ങിയവയ്ക്കൊപ്പം വിദഗ്ധ മാർഗനിർദേശങ്ങളും ഈ ഓൺലൈൻ സംവിധാനത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്.
വാഹന വ്യാപാരത്തിലെ ഭാവി സാധ്യതയാണ് ബി എം ഡബ്ല്യു ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ ചെയർമാൻ വിക്രം പാവ്വ അഭിപ്രായപ്പെട്ടു. അതിരുകളില്ലാത്ത സ്വാതന്ത്യ്രം വാഗ്ദാനം ചെയ്യുന്ന പുതിയ സംവിധാനം ഡിജിറ്റൽ ആരാധകർക്ക് ആകർഷകമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സമ്പൂർണ മോഡൽ ശ്രേണിയിൽ ഡിജിറ്റൽ വിൽപ്പന സംവിധാനം ക്രമീകരിക്കുന്ന ആദ്യ ആഡംബര കാർ നിർമാതാക്കളാണു ബി എം ഡബ്ല്യു എന്നും അദ്ദേഹം അവകാശപ്പെട്ടു.