മെഴ്സീഡിസിന്റെ ബി എസ് ആറ് മോഡൽ 19ന്

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള വാഹനം പുറത്തിറക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യ ഒരുങ്ങുന്നു. ഇതോടെ ഇത്തരം വാഹനങ്ങൾ വിപണിയിലിറക്കുന്ന ആദ്യ നിർമാതാക്കളുമാവും മെഴ്സീഡിസ് ബെൻസ്. ‘ഇന്ത്യയ്ക്കായി ഇന്ത്യയിൽ നിർമിച്ച’ ബി എസ് ആറ് മോഡൽ ഈ 19ന് പുറത്തിറക്കുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം. 2016ൽ ബി എസ് നാല് നിലവാരം നടപ്പായപ്പോഴും ഇത്തരത്തിലുള്ള വാഹനങ്ങൾ ആദ്യം വിൽപ്പനയ്ക്കെത്തിച്ചതു മെഴ്സീഡിസ് ബെൻസ് ആയിരുന്നു. 

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരിയും ഓട്ടമൊബീൽ റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) ഡയറക്ടർ രശ്മി ഉർധവരിഷെയും ചേർന്നാവും 19നു മുംബൈയിൽ മെഴ്സീഡിസ് ബെൻസിന്റെ ബി എസ് ആറ് ശ്രേണി അനാവരണം ചെയ്യുക. 

രാജ്യത്ത് ബി എസ് ആറ് നിലവാരം 2020 ഏപ്രിൽ ഒന്നിനു നടപ്പാക്കാനാണു കേന്ദ്ര സർക്കാർ തയാറെടുക്കുന്നത്. ഇതിനു രണ്ടു വർഷത്തിലേറെ മുമ്പു തന്നെ ബി എസ് ആറ് വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുകയാണു മെഴ്സീഡിസ് ബെൻസ്. അതേസമയം സാങ്കേതിക മികവിലൂടെ ഈ പുതിയ വാഹനങ്ങളിൽ നിലവിലുള്ള ബി എസ് നാല് നിലവാരമുള്ള ഇന്ധനവും ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു.

നാളെയ്ക്കായി പരിസ്ഥിതിയെ മലിനീകരണമുക്തവും ഹരിതവുമാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കു പിന്തുണയേകുകയാണു കമ്പനിയെന്നും മെഴ്സീഡിസ് ബെൻസ് അവകാശപ്പെടുന്നുണ്ട്. ഒപ്പം സർക്കാരിന്റെ ‘മെയ്ക്ക് ഇൻ പദ്ധതി’ക്കും സജീവ പ്രോത്സാഹനമാണു ഡെയ്മ്ലർ എ ജിയുടെ ഉടമസ്ഥതയിലുള്ള മെഴ്സീഡിസ് ബെൻസ് നൽകുന്നത്.