പ്രീമിയം എസ് യു വി വിപണിയിലെ താരമായി മുന്നേറുന്ന ജീപ്പ് കോംപസിന് എതിരാളിയുമായി ഹോണ്ടയെത്തുന്നു. ജപ്പാനീസ് വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന എച്ച് ആര്‍–വി (വെസൽ)യുടെ പരിഷ്കരിച്ച മോഡലുമായാണ് ഹോണ്ട ചെറു എസ് യു വി വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുക. റാപ്പ് എറൗണ്ട് ഹെൽലാമ്പുകൾ, എൽഇഡി ഡേറ്റം റണ്ണിങ് ലൈമ്പുകൾ എന്നിവ പുതിയ എച്ച് ആർ വിയിലുണ്ടാകും. കൂടാതെ സ്റ്റൈലിഷായ ഇന്റീരിയർ ഹോണ്ടയുടെ പുതുതലമുറ സുരക്ഷ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ടാകും.
എസ് യു വി ലുക്ക് വേണ്ടുവോളമുള്ള എച്ച് ആർ വി, ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായാണ് ഏറ്റുമുട്ടുക. പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്ന പുത്തന്‍ എസ് യു വി മത്സരക്ഷമമായ വിലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം.
ജപ്പാനിൽ 1.8 ലീറ്റർ പെട്രോൾ, 1.8 ലീറ്റർ പെട്രോൾ. 1.6 ലീറ്റർ ഡീസൽ, 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് തുടങ്ങിയ എൻജിൻ വകഭേദങ്ങളിലാണ് വാഹനം ലഭിക്കുക. ഇന്ത്യയിലെത്തുമ്പോൾ പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ടയുടെ സിആർ–വിയുടേയും ബിആർ–വിയുടേയും ഇടയിലെത്തുന്ന എച്ച്ആർ–വി അടുത്ത വർഷം വിപണിയിലെത്തും. 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും വില.