റോഡുകൾ മോശമാകുകയും വാഹനങ്ങളുടെ എണ്ണം വർധിക്കുകയും ചെയതതോടെ റോഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം എല്ലാവർഷവും വർധിച്ചുകൊണ്ടേയിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി റോഡപകടങ്ങളുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും 2017-ല്‍ കുറവുണ്ടായിട്ടുണ്ട്. 2016-ല്‍ ആകെ 39,420 റോഡപകടങ്ങളില്‍ 4,287പേര്‍ മരിച്ചു. 2017-ല്‍ റോഡ് അപകടങ്ങള്‍ 38,486 ആയും മരണസംഖ്യ 4,061ആയും കുറഞ്ഞു. സുരക്ഷയ്ക്കുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും എന്‍ഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തതിനാലാണ് ഇതുണ്ടായിട്ടുള്ളതെന്ന് റോജി. എം. ജോണ്‍ എം.എല്‍.എ യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയായിരുന്നു.
റോഡപകടങ്ങള്‍ വിലയിരുത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനും ജില്ലാതലങ്ങളില്‍ റോഡ് സുരക്ഷാ കമ്മിറ്റിയും ഹൈവേകളില്‍ ഹൈവേ പോലീസിന്റെ നേതൃത്വത്തില്‍ ഹൈവേ ജാഗ്രതാ സമിതികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അശാസ്ത്രീയമായി നിര്‍മ്മിച്ചിട്ടുള്ള റോഡുകളുടെ അപാകത പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിനും നിര്‍ദ്ദേശമുണ്ട്. പൊതുജനങ്ങള്‍, ഡ്രൈവര്‍മാര്‍, ഇരുചക്ര വാഹകര്‍ എന്നിവര്‍ക്കും വിവിധ പരിശീലന പരിപാടികള്‍, സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ട്രാഫിക് ബോധവത്കരണ പരിപാടികൾ എന്നിവ കേഡറ്റ് പദ്ധതിയിലൂടെയും മറ്റും നടപ്പിലാക്കിവരുന്നതും റോഡപകടങ്ങൾ നിയന്ത്രിക്കുന്നതിന് സഹായകരമായി. വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി 'ശുഭയാത്ര' എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
റോഡപകടങ്ങൾ റിപ്പോര്‍ട്ടു ചെയ്യാനും പരാതികൾ സമർപ്പിക്കാനും 'തിങ്ക് ട്രാഫിക് ആപ്ലിക്കേഷന്‍' വഴി പൊതുജനങ്ങള്‍ക്ക് സംവിധാനമുണ്ട്. ഇതുവഴി പൊതുജനങ്ങൾക്ക് ലൈവ് ആക്‌സിഡന്റ് റിപ്പോര്‍ട്ടു ചെയ്യാൻ കഴിയും. ട്രാഫിക് ബോധവത്കരണത്തിനായി എല്ലാ മണ്ഡലങ്ങളിലും 'ട്രാഫിക് സ്മാര്‍ട്ട് ക്ലാസ് റൂം' സ്ഥാപിക്കുന്നതിനുള്ള നടപടികളിലാണ് സർക്കാർ. റോഡപകടങ്ങള്‍ അവലോകനം ചെയ്യുന്നതിനും നടപടികള്‍ക്കുള്ള നിര്‍ദ്ദേശം നല്‍കുന്നതിനുമായി ട്രാഫിക് പോലീസ് റോഡ് സേഫ്റ്റി സെല്‍ രൂപം നല്‍കിയിട്ടുണ്ട്.
റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് എത്രയുംവേഗം പ്രാഥമിക ശുശ്രൂഷ നല്‍കുകയും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിനും സോഫ്റ്റ് (Save Our Fellow Travellers) എന്ന കൂട്ടായ്മ രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ പോലീസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ട്രോമ കെയര്‍ ഉള്‍പ്പെടെ വിദഗ്ദ്ധ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.