മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള ഇന്ധനങ്ങൾ മുമ്പ് നിശ്ചയിച്ചതിലും രണ്ടു വർഷം മുമ്പേ വിൽപ്പനയ്ക്കെത്തുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഡൽഹിയിൽ ഏപ്രിൽ ഒന്നോടെ ബി എസ് ആറ് ഇന്ധനം ലഭ്യമാവുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നേരത്തെ 2020 ഏപ്രിൽ ഒന്നു മുതൽ ബി എസ് ആറ് നിലവാരമുള്ള ഇന്ധനം ലഭ്യമാക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
യഥാർഥത്തിൽ 2020ലാണ് ബി എസ് ആറ് ഇന്ധനം വിൽപ്പനയ്ക്കെത്തിക്കാൻ ലക്ഷ്യമിട്ടിരുന്നതെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. എന്നാൽ ഇക്കൊല്ലം തന്നെ ഈ നിലവാരമുള്ള ഇന്ധനം ലഭ്യമാക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും ആദ്യഘട്ടത്തിൽ ഡൽഹിയിലാവും ഈ ഇന്ധം എത്തുകയെന്നും സത്യവാങ്മൂലത്തിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കേസ് പരിഗണിച്ച വേളയിൽ സുപ്രീം കോടതി ആവശ്യപ്പെട്ട പ്രകാരമാണു മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്. ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള ഇന്ധനങ്ങൾ അവതരിപ്പിക്കുന്നതു സംബന്ധിച്ച നിലപാട് വ്യക്തമാക്കാനായിരുന്നു കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സെക്രട്ടിറിയോട് കോടതി നിർദേശിച്ചത്. ഡൽഹിയിൽ 2018 ഏപ്രിൽ ഒന്നു മുതൽ ബി എസ് ആറ് ഇന്ധനം അവതരിപ്പിക്കുമെന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പ് അമിക്കസ് ക്യൂറിയായ പരാജിത സിങ്ങാണു കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. 2019 ഏപ്രിലിനകം രാജ്യതലസ്ഥാന മേഖലയിലാകെ ബി എസ് ആറ് നിലവാരമുള്ള ഇന്ധനം ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കാൻ പൊതുമേഖല എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്രക്കുറിപ്പിലുണ്ടായിരുന്നു. എൻ സി എറിനു ശേഷം രാജ്യവ്യാപമായി തന്നെ ബി എസ് ആറ് ഇന്ധനം വിൽപ്പനയ്ക്കെത്തിക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ വിപണിയിലുള്ള ബി എസ് നാല് ഇന്ധനത്തിൽ നിന്ന് ബി എസ് അഞ്ച് നിലവാരം ഒഴിവാക്കിയാണു രാജ്യം ബി എസ് ആറിലേക്കു മുന്നേറാൻ തയാറെടുക്കുന്നത്.