Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമം ലംഘിച്ച ബൈക്ക് യാത്രികനെതിരെ യുവാവിന്റെ പ്രതിഷേധം വൈറൽ: വിഡിയോ

Protest-against-bike-rider

ചെറിയൊരു പഴുതു കിട്ടിയാൽ ട്രാഫിക് നിയമം എങ്ങനെ ലംഘിക്കാമെന്ന് ചിന്തിക്കുന്നവരാണ് ഇന്ത്യാക്കാർ. പല നിയമ ലംഘനങ്ങളുടെ ജീവഹാനി പോലും സംഭവിക്കാവുന്ന അപകടങ്ങളിലാകും അവസാനിക്കുക. റോ‍ഡിലെ സിഗ്നലുകളും സൈൻ ബോർഡുകളും നോക്കാതെ പറക്കുന്നവരെ ബോധവൽകരിക്കാൻ നിരവധി ശ്രമങ്ങൾ അധികാരികളിൽ നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും അവയൊന്നും ചെവിക്കൊള്ളാതെ പറക്കുന്നവരാണ് മിക്കവരും. സീബ്രാ ലൈൻ ശ്രദ്ധിക്കാതെ വാഹനം നിർത്തിയ ഒരു ബൈക്ക് യാത്രികനെതിരെ റോഡു മുറിച്ചു കടക്കാൻ ശ്രമിച്ച കാൽനടയാത്രാക്കാരൻ നടത്തിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ.

മുംബൈയിലെ വാസൈ എന്ന സ്ഥത്തെ ട്രാഫിക് സിഗ്നലിലാണ് സംഭവം നടന്നത്. ചുവന്ന സിഗ്നല്‍ വീണെങ്കിലും ബൈക്ക് യാത്രികന്‍ വാഹനം നിർത്തിയില്ല. ഒടുവിൽ വാഹനം നിർത്തിയത് സീബ്രാ ലൈനിന് മുകളിലും. സീബ്രാ ലൈനിലൂടെ നടന്നു വന്ന യുവാവ് ബൈക്കിനടുത്തെത്തിയപ്പോള്‍ വഴിമാറി നടക്കാതെ ബൈക്കിന് മുകളിൽ ചവിട്ടിക്കയറി റോഡ് മുറിച്ചു കടന്നു. പ്രതിഷേധം മനസിലാക്കിയെ ബൈക്ക് യാത്രികൻ വാഹനം പിന്നിലേക്ക് മാറ്റി ട്രാഫിക് നിയമം പാലിക്കുന്നതും കാണാം.

കാൽനടയാത്രക്കാർക്കുള്ള നിയമം

റോഡ് വാഹനങ്ങൾ ഓടിക്കാൻ മാത്രമുള്ളതാണെന്ന നിയമം ഇപ്പോൾ അപ്രസക്തമല്ല. പുതിയ മോട്ടോർ വെഹിക്കിൾസ് നിയമത്തിൽ ചരിത്രത്തിൽ ആദ്യമായി കാൽനടയാത്രക്കാരും ഇടംപിടിച്ചിരുന്നു. ‘സീബ്രാ’ വരകളിൽ റോഡ് കുറുകെക്കടക്കാൻ യാത്രക്കാരൻ തയാറായി നിന്നാൽ കാൽനട യാത്രക്കാരനാണു പ്രാധാന്യം നൽകേണ്ടത്. സീബ്രാ ക്രോസിങ്ങിലുള്ള അപകടത്തിനു ഡ്രൈവർക്കു കൂടുതൽ ഉത്തരവാദിത്തം ഉണ്ട്.

റോഡ് മുറിച്ച് കടക്കുമ്പോൾ കാൽനടയാത്രക്കാരും ശ്രദ്ധിക്കണം

അശ്രദ്ധമായ റോഡ് മുറിച്ചു കടക്കലിലൂടെ നാം അപകടങ്ങളെ ക്ഷണിച്ച്‌ വരുത്തുകയാണ്. അല്‍പ്പം ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നതിലൂടെ ഒരു പരിധിവരെ നമുക്ക് അപകടങ്ങളെ അകറ്റി നിര്‍ത്താം.  വാഹനത്തിലാണ് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ റോഡിലൂടെ മറ്റു വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ക്രോസ് ചെയ്യാൻ ശ്രമിക്കുക. ദൂരെ നിന്ന് വരുന്ന വാഹനത്തിന്റെ വേഗം നമുക്ക് നഗ്നനേത്രം കൊണ്ട് അറിയാൻ സാധിക്കണമെന്നില്ല അതുകൊണ്ടു തന്നെ വാഹനങ്ങൾ പോയതിന് ശേഷമേ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കാവും. രാത്രി കാലങ്ങളിൽ അതീവ ശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുക, കാരണം മറ്റു വാഹനങ്ങളുടെ പ്രകാശത്തിൽ എതിരെ വരുന്ന വാഹനങ്ങൾ നിങ്ങളെ കാണമെന്നില്ല. 

കാൽനടക്കാർ ഫുട്പാത്തുള്ള സ്ഥലങ്ങളില്‍ അതിലൂടെ മാത്രം നടക്കുക. നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുന്നില്‍ കൂടിയോ പിന്നില്‍ കൂടിയോ റോഡ് മുറിച്ചു കടക്കാതിരിക്കാൻ ശ്രമിക്കുക.  കഴിവതും സീബ്രാ ലൈനുകൾ ഉള്ള സ്ഥലത്തോ ട്രാഫിക്ക് പൊലീസ് ഉള്ള സ്ഥലത്തോ കൂടി മാത്രം റോഡ് മുറിച്ചു കടക്കുക. കൂടാതെ റോ‍ഡ് മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുവാൻ ശ്രമിക്കുക.