മഹീന്ദ്ര ഥാറിനെ അടിസ്ഥാനമാക്കി നിർമിച്ച ഓഫ് റോഡ് വാഹനം റോക്സറുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. നോർത്ത് അമേരിക്കൻ വിപണിക്കായാണ് മഹീന്ദ്ര റോക്സറിനെ പുറത്തിറക്കുന്നത്. മഹീന്ദ്ര നോർത്ത് അമേരിക്ക എന്ന ബ്രാൻഡിന് കീഴിൽ മിഷിഗണിലായിരിക്കും വാഹനം നിർമിക്കുക. ഏകദേശം 15000 ഡോളറാണ് വാഹനത്തിന്റെ വില.
ഥാറിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രാഥമിക ഡിസൈനെങ്കിലും അടിമുടി മാറ്റങ്ങളുണ്ട് റോക്സറിൽ. മെറ്റലിൽ തീർത്ത ഡാഷ് ബോർഡ്, ഹെവി ഡ്യൂട്ടി വിഞ്ച്, ഓഫ് റോഡിങ് ടയറുകൾ എന്നിവ റോക്സറിലുണ്ട്. മഹീന്ദ്രയുടെ 2.5 ലീറ്റർ ടൊർബൊ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 3200 ആർപിഎമ്മിൽ 62 ബിഎച്ച്പി കരുത്തും 1400 മുതൽ 2200 വരെ ആർപിഎമ്മിൽ 144 എൽബിഎസ് ടൊർക്കുമുണ്ട് വാഹനത്തിന്.
രണ്ടു പേർക്കാണ് വാഹനത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന വാഹനത്തിന് 96 ഇഞ്ച് വീൽബെയ്സും 148 ഇഞ്ച് നീളവും 62 ഇഞ്ച് വീതിയും 75 ഇഞ്ച് പൊക്കവുമുണ്ട്. 9 ഇഞ്ചാണ് ഗ്രൗണ്ട് ക്ലിയറൻസ്. പരമാവധി വേഗം 45 മൈൽ.