പാക്ക്, അമേരിക്കൻ യുദ്ധകപ്പലുകൾക്ക് മുന്നിൽ തലയെടുപ്പോടെ ഐഎൻഎസ് കൊൽക്കത്ത

INS Kolkata

ദോഹ രാജ്യാന്തര മരിടൈം പ്രതിരോധ പ്രദർശന, സമ്മേളനത്തിന് (ഡിംഡെക്സ്)  ഭാഗമാകാൻ ഇന്ത്യയുടെ ഐഎൻഎസ് കൊൽക്കത്തയും. ഇന്ത്യൻ നേവിയുടെ ശക്തി ലോക രാജ്യങ്ങളിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഡിംഡെക്സ്. ഇന്ത്യ, ബംഗ്ലദേശ്, ഇറ്റലി, ഒമാൻ, പാക്കിസ്ഥാൻ, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നായി എത്തുന്ന 11 യുദ്ധക്കപ്പലുകളിലേ താരമാകാനാണ് ഐഎൻഎസ് കൊൽക്കത്ത ദോഹയിൽ എത്തിയത്.  ദോഹയിലെ ഹമദ് തുറമുഖത്താണ് ഐഎൻ‌എസ് കൊല്‍ക്കത്ത നങ്കൂരമിട്ടത്. 

INS Kolkata

ഖത്തരി കപ്പൽ ഹുവാർ, ബംഗ്ലദേശ് കപ്പൽ ബിഎൻഎസ് ബംഗബന്ധു, ഇറ്റലിയിൽ നിന്നുള്ള കാർലോ മർഗോറ്റിനി, യുഎസ് നാവിക സേനയുടെ യുഎസ്എസ് സാംപ്സൺ, രണ്ട് എംകെ ആറ് നിരീക്ഷണ കപ്പലുകൾ, യുകെയിൽ നിന്ന് ആർഎഫ് കാർഡിജൻ ബേ, എച്ച്എംഎസ് മിഡിൽ ടൺ, ഒമാനിൽ നിന്നുള്ള നിരീക്ഷണ കപ്പൽ കസബ്, പാക്കിസ്ഥാനിൽനിന്ന് പിഎൻഎസ് ഹിമ്മത്, ബിഎംഎസ്എസ് ബസോൽ എന്നിവയാണു പ്രദർശനത്തിന്റെ ഭാഗമായി ഹമദ് തുറമുഖത്തെത്തിയ മറ്റുകപ്പലുകൾ. ഡിംഡെക്സിന്റെ പത്താമത്തെ എഡിഷനാണ് ഇത്തവണത്തേത്. ഔദ്യോഗിക ഉദ്ഘാടനം ഇന്നു ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രക്ഷാധികാരത്തിൽ നടക്കും. ഖത്തർ സായുധ സേനയാണു മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം സംഘടിപ്പിക്കുന്നത്. 

ഐഎൻ‌എ‍സ് കൊൽക്കത്ത

പ്രൊജക്ട് 15 എ എന്ന കൊൽക്കത്ത ക്ലാസിലെ ആദ്യ കപ്പലാണ് ഐഎൻഎസ് കൊൽക്കത്ത. പൂർണമായും ഇന്ത്യയുടെ ടെക്നോളജിയാണ് കൊൽക്കത്തയിൽ ഉപയോഗിച്ചിരിക്കുന്നത്.  2014 ഓഗസ്റ്റ് 16 നാണ് കൊൽക്കത്ത നീറ്റിലിറക്കിയത്.  കനത്ത പ്രഹരശേഷിയുള്ള ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലാണ് ഇത് ഏതൊരു വിദേശ യുദ്ധക്കപ്പലിനെയും കിടപിടിക്കും കൊൽക്കത്ത ക്ലാസിലെ ഈ കരുത്തൻ.  290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്‌മോസ് മിസൈല്‍ വഹിക്കാനുള്ള ശേഷി തന്നെയാണ്  ഏറ്റവും വലിയ ശക്തി. കൂടാതെ സര്‍ഫസ് ടു എയര്‍ മിസൈൽ ബാരക്–8, 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട്, എകെ 630 സിഐഡബ്യൂഎസ് (ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം) എന്നീ ആയുധങ്ങളും ഈ കപ്പലിൽ നിന്നും പ്രയോഗിക്കാൻ സാധിക്കും.

INS Kolkata

അത്യാധുനിക കോംപാക്ട് മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്15 എ), ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, ശത്രുക്കളുടെ റഡാര്‍ നിയന്ത്രിത മിസൈലുകളെ നേരിടാനുള്ള ടെക്നോളജി ( മിസൈൽ ഗതിമാറ്റി വിടാനുള്ള സംവിധാനം), പുതിയ ആശയവിനിമയ സംവിധാനങ്ങള്‍ എല്ലാം ഈ കപ്പലിലുണ്ട്.  കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയർ കപ്പലുകളുടെ മറ്റൊരു വലിയ പ്രത്യേകത സോണാറാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സോണാർ സിസ്റ്റമായ ഹംസ–എൻജി യാണ് ഐഎൻഎസ് കോൽക്കത്തിൽ  ഉപയോഗിച്ചിരിക്കുന്നത്. കടൽ വഴിയുള്ള ശത്രുക്കളുടെ നീക്കങ്ങളെ കൃത്യമായി കണ്ടെത്താന്‍ ഇതിനു സാധിക്കും. വെള്ളത്തിനടിയിലൂടെ ശബ്ദ തരംഗങ്ങള്‍ അയയ്ക്കുന്ന സംവിധാനമാണ് സോണാർ. 

12 ടണ്‍ കരുത്തുള്ള രണ്ടു മീഡിയം റേഞ്ച് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഈ കപ്പലിന് ശേഷിയുണ്ട്. 163 മീറ്റര്‍ നീളവും 17.4 മീറ്റര്‍ വീതിയുമുള്ള കപ്പലിന്റെ ഭാരം 7500 ടണ്ണാണ്. കംപെയ്ന്‍ഡ് ഗ്യാസ് ആന്‍ഡ് ഗ്യാസ് പ്രൊപല്‍ഷന്‍ സംവിധാനമാണ് (കോഗ്യാസ്)  ഉപയോഗിച്ചിരിക്കുന്നത്. നാലു ഗ്യാസ് ടര്‍ബൈനുകളുടെ കരുത്തിൽ പ്രവർത്തിക്കുന്ന കപ്പലിന്റെ പരമാവധി വേഗം മണിക്കൂറിൽ 56 കിലോമീറ്ററാണ്.

INS Kolkata

കപ്പലിലെ വൈദ്യുതി സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് 4.6 മെഗാ വാട്ടിന്റെ ഗ്യാസ് ടര്‍ബൈന്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ്. കപ്പലുകളുടെ സ്റ്റെൽത്ത് ഡിസൈനാണ് മറ്റൊരു പ്രത്യേകത. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ നീങ്ങാൻ ഈ ഡിസൈൻ സഹായിക്കുന്നു. ശത്രുക്കളുടെ റഡാർ പരിധിയിൽ വരാതെ മുന്നോട്ടു കുതിക്കാനും ഈ കപ്പലുകൾക്ക് സാധിക്കും.

കൊൽക്കത്ത ക്ലാസ് കപ്പലുകളെ ആധുനികനാക്കുന്ന സവിശേഷകൾ

∙ ആയുധശേഖരത്തിൽ ബ്രഹ്മോസ് മിസൈലുകൾ (എംഎഫ്സ്റ്റാർ റഡാറിന്റെ അകമ്പടിയോടെയാണ്‌ ബ്രഹ്മോസ്‌ മിസെയിലിന്റെ പ്രവർത്തനം) 

∙ ഇസ്രായൽ നിർമിത ബരാക് 8- മിസൈൽ (ഇത്തരം 32 എണ്ണം) 

∙ 76 എംഎം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് (എസ്ആർജിഎം) ആണ് പ്രധാനമായി ഉപയോഗിക്കുന്നത്. 

∙ എകെ-630 ക്ലോസ് ഇൻ ആന്റി മിസൈൽ ഗൺ സിസ്റ്റം 

∙ ഇസ്രായേൽ നിർമിത മൾട്ടി ഫങ്ഷൻ നിരീക്ഷണ- മുന്നറിയിപ്പ് (സർവെയ്‌ലൻസ് ത്രെട്ട് അലർട്ട്) റഡാർ 

∙ ഷിപ്പ് ഡേറ്റാ നെറ്റ്്വർക്ക് (എസ്ഡിഎം)

 ∙ ഓട്ടോമാറ്റിക് പവർ മാനേജ്മെന്റ് സിസ്റ്റം (എപിഎംഎസ്) 

∙ കോംപാക്ട് മാനേജ്മെന്റ് സിസ്റ്റം (സിഎംഎസ്) 

∙ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം (ഐപിഎംഎസ്) 

∙ രണ്ടു ഹെലികോപ്റ്ററുകൾ വഹിക്കാം 

∙ നാല് ഗ്യാസ് ടർബൈനുകളിലാണ് സഞ്ചാരം. 

∙ 50 ഓഫിസർമാരും 250 നാവികരും ഉൾപ്പെടെ 300 സൈനികർ പരമാവധി വഹിക്കാൻ ശേഷി. 

∙ എംകെ 2, ഗാർപുൺ ബാൽ ഇ റഡാറുകളും എൻജി സോണാറും ആകാശ-കടൽ മാർഗങ്ങളിൽ നിന്നുള്ള ആക്രമണങ്ങളെ മുൻകൂട്ടി കാണുവാൻ പര്യാപ്ത.