അറബിക്കടലിൽ കൊച്ചി തീരത്തുനിന്നു 40 നോട്ടിക്കൽ മൈൽ (ഉദ്ദേശം 74.08 കി.മീറ്റർ) അകലെ നങ്കൂരമിട്ടിരിക്കുന്ന വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രമാദിത്യയിലാണ് കംബൈൻഡ് കമാൻഡർ കോൺഫറൻസ് നടക്കുന്നത്. പ്രധാനമന്ത്രിയും സേനാതലവന്മാരുമടക്കം രാജ്യ സുരക്ഷയിലെ പ്രധാനികൾ പങ്കെടുക്കുന്ന കോൺഫറൻസ് കടലിൽ നങ്കുരമിട്ടിരിക്കുന്ന വിമാനവാഹിനി കപ്പലിൽ നടക്കുന്നത് ചിരിത്രത്തിൽ തന്നെ ആദ്യം.
കഴിഞ്ഞകാലയളവിലെ സേനയുടെ പ്രവർത്തനം വിലയിരുത്തുകയും ഭാവി പരിപാടികൾക്കു രൂപം നൽകുകയും ചെയ്യുന്ന സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന യോഗത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറുകയാണ് ഐ എൻ എസ് വിക്രമാദിത്യ.
ഐഎൻഎസ് വിക്രമാദിത്യ
സഞ്ചരിക്കുന്ന ഒരു കൊച്ചുനഗരമാണ് വിക്രമാദിത്യ. നാവികസേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ. സോവിയറ്റ് നാവികസേനയ്ക്കു വേണ്ടി 1978ൽ നിർമാണം തുടങ്ങിയ ഈ കപ്പൽ 1987ൽ ആണു കമ്മിഷൻ ചെയ്‌തത്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് 1991ൽ കപ്പൽ അഡ്‌മിറൽ ഗോർഷ്‌കോവ് എന്നു പേരുമാറ്റി. കപ്പൽ 1996ൽ റഷ്യ വിൽപനയ്‌ക്കു വയ്‌ക്കുകയായിരുന്നു. 2004 ജനുവരി 20നാണ് കപ്പൽ വാങ്ങാൻ ഇന്ത്യ കരാർ ഒപ്പിട്ടത്.
44,500 ടൺ കേവുഭാരമുള്ള വിക്രമാദിത്യയ്‌ക്ക് 284 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. 22 നിലകളുണ്ട്. പ്രൊപ്പല്ലറുകൾ നാലെണ്ണം. 30 വിമാനങ്ങൾ വഹിച്ചുകൊണ്ടുപോകാൻ കഴിവുണ്ട്. വിമാനങ്ങൾക്കു പുറമെ ധ്രുവ്, ചേതക് ഹെലികോപ്‌റ്ററുകളും വിക്രമാദിത്യയിലുണ്ട്. ഒരേസമയം 1600 ആളുകൾ ജോലിചെയ്യാം.
തുടർച്ചയായി 45 ദിവസം വരെ യാത്രചെയ്യാനുള്ള ശേഷിയുള്ള വിക്രാമാദിത്യയുടെ പ്രവർത്തനത്തിനു വേണ്ടത് 18 മെഗാവാട്ട് വൈദ്യുതിയാണ്. കൂടാതെ നാല് എകെ 630, സിഐഡബ്ല്യുഎസും എന്നീ പീരങ്കികളും. ബാരക്ക്1, ബാരക്ക് 8 എന്നീ മിസൈലുകളും വഹിക്കാൻ ഐഎൻഎസ് വിക്രമാദിത്യയ്ക്കാകും. ഏകദേശം 230 കോടി ഡോളർ (14,000 കോടിയിലേറെ രൂപ) ചെലവിട്ടാണ് ഐഎൻഎസ് വിക്രമാദിത്യ ഇന്ത്യ സ്വന്തമാക്കിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.