മൂന്നു വശവും കടലാൽ ചുറ്റപ്പെട്ട ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ഒഴിച്ചു കൂട്ടാനാവാത്ത ഘടകമാണ് യുദ്ധക്കപ്പലുകൾ. സ്വാതന്ത്രം ലഭിച്ച കാലംതൊട്ടേ ഇന്ത്യ യുദ്ധക്കപ്പലുൾ സ്വന്തമാക്കി തുടങ്ങിയിരുന്നു. ആദ്യ കാലങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നു കപ്പലുകൾ വാങ്ങി മാറ്റങ്ങൾ വരുത്തിയിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോള്‍ പ്രതിരോധ രംഗത്തു സ്വയംപര്യാപ്തതയുടെ വഴിയിലൂടെ ശക്തമായ മുന്നേറ്റം നടത്തുകയാണ് നാവികസേന. രാജ്യത്തെ വിവിധ കപ്പൽശാലകളിലായി നിർമാണം പുരോഗമിക്കുന്നതു 41 യുദ്ധക്കപ്പലുകൾ. മൊത്തം 1,08,761 കോടിയുടെ ഇടപാട്. രാജ്യത്തെ ആറ് കപ്പൽ നിർമാണ ശാലകളിലായാണ് ഇവ നിർമിക്കുന്നത്. അഞ്ച് അന്തർവാഹിനിയും ഇവിടെ തന്നെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
മുൻപ് വിദേശ രാജ്യങ്ങളിൽ നിന്നു കപ്പലുകൾ വാങ്ങി മാറ്റങ്ങൾ വരുത്തിയിരുന്ന രാജ്യം പുതിയ ചുവടുവയ്പ്പ് നടത്തിയത് 1970-80 കാലഘട്ടങ്ങളിലാണ്. ലിയാൻഡർ ക്ലാസ് ഫ്രിഗേറ്റുകൾ ഇവിടെ നിർമിക്കാനുള്ള ലൈസൻസ് ലഭിച്ചത് ആ കാലത്താണ്. പിന്നെയും വർഷങ്ങൾക്കു ശേഷമാണു സർവേ വെസലുകളുടെ രൂപകൽപ്പനയും നിർമാണവും രാജ്യത്തെ കപ്പൽശാലകളിൽ പൂർത്തിയാക്കിയത്. 1980കളിൽ ഗോദാവരി ക്ലാസ് കപ്പലുകളും രാജ്യത്തു നിർമിച്ചു തുടങ്ങി. മുംബൈയിലെ മസ്ഗാവ് ഡോക്കിലാണു ആദ്യകാലത്തെ മിക്ക യുദ്ധക്കപ്പലുകളും നിർമിച്ചത്. 1990കളിൽ പ്രഹരശേഷി കൂടിയ വലിയ പടക്കപ്പലുകളായ ബ്രഹ്മപുത്ര ക്ലാസ്, ഡൽഹി ക്ലാസ് നിർമിച്ചു കൈമാറിയതോടെ ഇന്ത്യ ഈ രംഗത്ത് ഏറെ മുന്നേറി.
2000ത്തോടെ അന്തർവാഹിനി രംഗത്തേക്കും രാജ്യം ചുവടുവച്ചു. പിന്നാലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളുടെ ശ്രേണിയായ കൊൽക്കത്ത ക്ലാസും പുറത്തെത്തി. എയർ ക്രാഫ്റ്റ് കാരിയർ നിർമാണത്തിനുള്ള ജോലികളും ആരംഭിച്ചു.യുദ്ധക്കപ്പലുകളുടെയും അതിലുപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളുടെയും കാര്യത്തിൽ 90 ശതമാനത്തോളം സ്വയംപര്യാപ്തത നേടിയെന്ന നാവികസേനാ അധികൃതരുടെ വാക്കുകൾക്ക് ഇതെല്ലാം തെളിവു നൽകുന്നുണ്ട്. വിശാഖപട്ടണത്ത് ദിവസങ്ങൾക്കു മുൻപ് നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിൽ അണിനിരന്ന ഇന്ത്യൻ കപ്പലുകളിൽ ഭൂരിഭാഗവും രാജ്യത്തു നിർമിച്ചവയായിരുന്നു. മുൻപ് നീണ്ട വർഷങ്ങളുടെ ഇടവേളയിലാണു ഓരോ കപ്പൽശാലകളിൽ നിന്നും യുദ്ധക്കപ്പലുകൾ പുറത്തെത്തിയിരുന്നെങ്കിൽ ഇന്ന് കൃത്യമായ ഇടവേളകളിൽ ഓരോ ക്ലാസ് കപ്പലുകളും സേനയുടെ ഭാഗമാകുന്നു.
ഏറ്റവും ഒടുവിൽ സേനയ്ക്കു കൈമാറിയ കൊൽക്കത്ത ക്ലാസ് (പ്രൊജക്ട് 15എ) തന്നെ ഉദാഹരണം. 2014 ഓഗസ്റ്റിലാണു ക്ലാസിലെ ആദ്യ കപ്പൽ ഐഎൻഎസ് കൊൽക്കത്ത രാജ്യത്തിനു സമർപ്പിച്ചത്. ഒരു വർഷത്തിനു ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ക്ലാസിലെ രണ്ടാമത്തെ കപ്പൽ ഐഎൻഎസ് കൊച്ചി കമ്മിഷൻ ചെയ്തു. പദ്ധതിയിലെ അവസാന കപ്പലായ ഐഎൻഎസ് ചെന്നൈ മാർച്ച് അവസാനം കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു മസ്ഗാവ് ഡോക്കിലെ അധികൃതർ. രാജ്യത്തു നിർമിച്ച ആദ്യ ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് കടലിലിറങ്ങിയിട്ടും ഇതുവരെ സേനയുടെ ഭാഗമായി മാറിയിട്ടില്ലെന്നതു സാങ്കേതിക പ്രശ്നങ്ങളിലേക്കാണു വിരൽച്ചൂണ്ടുന്നത്.
എന്നാൽ, ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ലെന്നാണു സേനാ വൃത്തങ്ങൾ പറയുന്നത്. യുദ്ധക്കപ്പൽ നിർമാണത്തിലേക്കു വൈകാതെ സ്വകാര്യ കപ്പൽശാലകളും കടന്നുവരാനുള്ള സാധ്യതകളും നാവികസേനാ മേധാവികൾ തന്നെ നൽകുന്നുണ്ട്. നിലവിൽ വിവിധ സ്വകാര്യ കപ്പൽശാലകളിൽ പരിശീലന കപ്പലുകളും ഫാസ്റ്റ് പട്രോളിങ് ബോട്ടുകളുമെല്ലാം നിർമിക്കുന്നുണ്ട്. പരിചയ സമ്പത്തിൽ മുന്നിട്ടു നിൽക്കുന്ന സ്വകാര്യ കപ്പൽശാലകൾക്കു വൈകാതെ പല പ്രധാന കരാറുകളും ലഭിച്ചേക്കാം.