ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലിയിൽ നിന്നുള്ള ‘കോണ്ടിനെന്റൽ ജി ടി കൂപ്പെ’യുടെ മൂന്നാം തലമുറ മോഡലിന്റെ ഇന്ത്യയിലെ അരങ്ങേറ്റം ശനിയാഴ്ച നടക്കും. 2015ൽ ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ‘ബെന്റ്ലി ഇ എക്സ് പി’ 10 സ്പീഡ് സിക്സ് കൺസപ്റ്റ് കാറിൽ നിന്നാണു ജനപ്രീതിയാർജിച്ച ഈ ബെന്റ്ലിയുടെ പുതുതലമുറ മോഡൽ പ്രചോദനം നേടുന്നത്.
പഴയ ‘കോണ്ടിനെന്റൽ ജി ടി’യെ അപേക്ഷിച്ച് കൂടുതൽ നീളത്തോടെയാവും പുതുതലമുറ കാറിന്റെ വരവ്; മുൻ വീലുകൾ 135 എം എം മുന്നോട്ടു പോകുന്നതോടെ ബോണറ്റിനു നീളമേറുകയും മൂക്ക് താഴുകയും ചെയ്തിട്ടുണ്ട്. വീൽബേസാവട്ടെ 110 എം എം ഉയർന്ന് 2,856 എം എമ്മായി. നിലവിലുള്ള കാറിനെ അപേക്ഷിച്ച് 25 എം എം അധിക വീതിയും പുതിയ മോഡലിനുണ്ട്. 1,954 എം എം വീതിയും 1,392 എം എം ഉയരവും 4,805 എം എം നീളവുമാണു മൂന്നാം തലമുറ ‘കോണ്ടിനെന്റൽ ജി ടി’ക്കുള്ളത്.
പോർഷെ വികസിപ്പിച്ച മൊഡുലാർ സ്റ്റാൻഡേഡ് ഡ്രൈവ്ട്രെയ്ൻ(എം എസ് ബി) പ്ലാറ്റ്ഫോം അടിത്തറയാക്കിയാണു പുതിയ ബെന്റ്ലി ‘കോണ്ടിനെന്റൽ ജി ടി’യുടെ വരവ്; പുതുതലമുറ ‘പാനമീറ’യ്ക്ക് അടിത്തറയാവുന്ന പ്ലാറ്റ്ഫോമാണിത്.
അടിമുടി പരിഷ്കരിച്ച, ബെന്റിലിയുടെ ആറു ലീറ്റർ, ഇരട്ടടർബോചാർജ്ഡ് ഡബ്ല്യു 12 പെട്രോൾ എൻജിനാണു കാറിനു കരുത്തേകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ 12 സിലിണ്ടർ എൻജിനെന്നാണ് ഈ എൻജിനെ ബെന്റ്ലി വിശേഷിപ്പിക്കുക. ഇതാദ്യമായി ഇരട്ട ക്ലച്, എട്ടു സ്പീഡ് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ടാവുന്നത്. 6,000 ആർ പി എമ്മിൽ 635 ബി എച്ച് പി വരെ കരുത്തും 1,350 — 4,500 ആർ പി എമമിൽ 900 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
കാറിന്റെ അകത്തളത്തിലാവട്ടെ ഗുണനിലവാരമേറിയ തുകലും വെനീറും ഹാൻഡ് ഫിനിഷ്ഡ് ക്രോം ഡീറ്റെയ്ലിങ്ങുമൊക്കയുണ്ട്. എൻജിൻ പ്രവർത്തനം തുടങ്ങുന്നതോടെ വെനീർ മാറി ബെന്റ്ലിയിൽ നിന്നുള്ള ഏറ്റവും വലിയ(12.3 ഇഞ്ച് ഡിസ്പ്ലേ) ടച് സ്ക്രീൻ ദൃശ്യമാവും; അത്യാധുനിക മൊബൈൽ ഫോണിനോടാണു ബെന്റ്ലി ഈ സംവിധാനത്തെ ഉപമിക്കുന്നത്.