ആഡംബര കാർ ബ്രാൻഡുകളായ ബെന്റ്ലിയും ബ്യുഗാട്ടിയുമൊന്നും വിൽക്കാൻ ആലോചനയില്ലെന്നു ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ. ഇരു ബ്രാൻഡുകളും ഒഴിവാക്കാൻ പദ്ധതിയില്ലെന്നു സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ മേധാവി കൂടിയായ ഒളിവർ ബ്ലൂമാണു വ്യക്തമാക്കിയത്. പോർഷെയും ബെന്റ്ലിയും സഹകരിച്ചു പ്രവർത്തിക്കുന്നതിലൂടെ 10 കോടി യൂറോ(ഏകദേശം 699.62 കോടി രൂപ)യുടെ ലാഭമാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യഥാർഥത്തിലുള്ള സാമ്പത്തിക നേട്ടം ഇതിലുമേറെയാണെന്നു ബ്ലൂം അറിയിച്ചു. ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഡ്യുകാറ്റിയെ കൈവിടാൻ ഫോക്സ്വാഗൻ ആലോചിക്കുന്നതായി വാർത്ത പരന്നിരുന്നു. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഫോക്സ്വാഗൻ, ഡ്യുകാറ്റിയെ വിൽപ്പനയ്ക്കു വയ്ക്കുന്നതെന്നും വാർത്തയുണ്ടായിരുന്നു.
ഡ്യുകാറ്റി വിൽപ്പനയ്ക്കായി ബ്രാൻഡിന്റെ മൂല്യനിർണയം നടത്താൻ ഫോക്സ്‌വാഗൻ ഇൻവെസ്റ്റ്മെന്റ് ബാങ്കർമാരായ എവർകോറിനെ സമീപിച്ചിരുന്നു. ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി 2012ൽ 93.50 കോടി ഡോളറി(6015.74 കോടി രൂപ)നാണ് ഡ്യുകാറ്റിയെ സ്വന്തമാക്കിയത്. ഡ്യുകാറ്റിയിൽ താൽപര്യമുള്ളവരുമായി നേരിട്ട് ആശയവിനിമയത്തിനും വുൾഫ്സ്ബർഗിലെ ഫോക്സ്‌വാഗൻ ഗ്രൂപ് ആസ്ഥാനം ശ്രമം തുടങ്ങിയെന്നാണു സൂചന. ചൈനീസ് നിർമാതാക്കളോ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപോ ഡ്യുകാറ്റിയിൽ ആകൃഷ്ടരായി രംഗത്തെത്തുമെന്നാണു ഫോക്സ്‌വാഗന്റെ കണക്കുകൂട്ടൽ. അതല്ലെങ്കിൽ 2007ൽ ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിനെ സ്വന്തമാക്കിയ നിക്ഷേപ കൺസോർഷ്യം പോലുള്ളവരിലാണ് ഫോക്സ്വാഗനു പ്രതീക്ഷ.
‘ഡീസൽഗേറ്റ്’ വിവാദം സൃഷ്ടിച്ച ഗുരുതര സാമ്പത്തിക ആഘാതം മറികടക്കാനായി ഗ്രൂപ്പിന്റെ നിക്ഷേപ ശൈലിയിൽ വൻപൊളിച്ചെഴുത്തിനാണു ഫോക്സ്വാഗൻ തയാറെടുക്കുന്നത്. എല്ലാ മേഖലയിലും കർശന ചെലവു ചുരുക്കൽ നടപ്പാക്കുന്നതിനൊപ്പം കാർ നിർമാണ മേഖലയിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനും ഗ്രൂപ് തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗത കാറുകളുടെ നിർമാണത്തിൽ നിന്നകന്നു വൈദ്യുത കാർ നിർമാണ മേഖലയിലേക്കും പുത്തൻ മൊബിലിറ്റി സേവന രംഗത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും ഗ്രൂപ്പിനു പദ്ധതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഡംബര കാർ ബ്രാൻഡുകളായ ബെന്റ്ലിയുടെയും ബ്യുഗാട്ടിയുടെയും ഭാവി സംബന്ധിച്ചും ചോദ്യചിഹ്നം ഉയർന്നത്.