പരിസ്ഥിതി മലിനീകരണം ചെറുക്കാൻ ഡൽഹി രാജ്യതലസ്ഥാനത്ത് യൂറോ ആറ് നിലവാരമുള്ള ഇന്ധനങ്ങൾ വിൽപ്പനയ്ക്കെത്തുന്നു. പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതോടെ മലിനീകരണ നിയന്ത്രണത്തിലെ യൂറോ നാല് നിലവാരത്തിൽ നിന്ന് യൂറോ അഞ്ച് ഒഴിവാക്കി യൂറോ ആറ് ഇന്ധനത്തിലേക്കു പുരോഗമിക്കുന്ന ആദ്യ നഗരവുമാവുകയാണ് ഡൽഹി.
ഡൽഹിയുടെ പരിസര നഗരങ്ങളായ നോയ്ഡ, ഗാസിയബാദ്, ഗുരുഗ്രാം, ഫരീദബാദ് എന്നിവിടങ്ങളിലും രാജ്യത്തെ വൻനഗരങ്ങളായ മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരബാദ്, പുണെ എന്നിവിടങ്ങളിലും അടുത്ത ജനുവരി ഒന്നു മുതൽ യൂറോ ആറ് നിലവാരമുള്ള ഇന്ധനങ്ങൾ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. 2020 ഏപ്രിൽ മുതൽ രാജ്യവ്യാപകമായി തന്നെ യൂറോ ആറ് നിലവാരമുള്ള ഇന്ധനങ്ങൾ വിൽപ്പനയ്ക്കെത്തും.
രാജ്യ തലസ്ഥാനത്തെ 391 പമ്പുകളിലും ഏപ്രിൽ ഒന്നു മുതൽ യൂറോ ആറിനു സമാനമായ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള പെട്രോളും ഡീസലുമാവും വിൽപ്പനയ്ക്കെത്തുകയെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡയറക്ടർ(റിഫൈനറീസ്) ബി വി രാമഗോപാൽ അറിയിച്ചു. മലിനീകരണ വിമുക്മായ ഇന്ധനങ്ങളുടെ ഉൽപ്പാദനത്തിനായി പൊതുമേഖല എണ്ണ കമ്പനികൾ കനത്ത നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ പേരിൽ പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വിലയിൽ കാര്യമായ വ്യത്യാസം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബി എസ് ആറ് നിലവാരമുള്ള ഇന്ധനങ്ങൾക്കുള്ള ശുദ്ധീകരണ ചെലവ് ഉപയോക്താക്കൾക്കു കൈമാറില്ലെന്നാണ് കമ്പനികളുടെ നിലപാട്. എങ്കിലും ഈ മാറ്റത്തിന്റെ ഫലമായി ഡൽഹിയിലെ പെട്രോൾ, ഡീസൽ വിലയിൽ ലീറ്ററിന് 50 പൈസയുടെ വർധന നടപ്പാവുന്നുണ്ട്.
പ്രതിവർഷം 9.6 ലക്ഷം ടൺ പെട്രോളും 12.65 ലക്ഷം ടൺ ഡീസലുമാണു പൊതുമേഖല എണ്ണ കമ്പനികൾ ഡൽഹിയിൽ വിൽക്കുന്നത്. ഇതിനായി മഥുര(ഉത്തർ പ്രദേശ്), പാനിപത്ത്(ഹരിയാന), ബീന(മധ്യ പ്രദേശ്), ഭട്ടിണ്ഡ(പഞ്ചാബ്) എണ്ണ ശുദ്ധീകരണ ശാലകളിൽ നിന്നാണ് ബി എസ് ആറ് നിലവാരമുള്ള ഇന്ധനങ്ങളുടെ ഉൽപ്പാദനം ആരംഭിച്ചത്. ഉയർന്ന നിലവാരമുള്ള ഇന്ധനം പുറത്തിറക്കാൻ പാനിപ്പത്തിൽ മാത്രം 183 കോടി രൂപയുടെ വികസനപ്രവർത്തനമാണു നടപ്പാക്കിയത്.