മത്സരത്തിനിടെ മെക്കാനിക്കിന്റെ കാലൊടിച്ചു – വിഡിയോ

FORMULA ONE 2018 ACCIDENT

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ ബഹ്റൈൻ ഗ്രാൻപ്രിക്കിടെ കാർ ഇടിച്ചു മെക്കാനിക്കിനു പരുക്കേറ്റ സംഭവത്തിൽ ഇറ്റാലിയൻ ടീമായ ഫെറാരിക്ക് അരലക്ഷം യൂറോ (ഏകദേശം 39.88 ലക്ഷം രൂപ) പിഴശിക്ഷ. പിറ്റ്സ്റ്റോപ്പിനിടെ ഫിന്നിഷ് ഡ്രൈവറായ കിമി റൈക്കോണന്റെ കാർ ഇടിച്ചാണു ഫെറാരിയുടെ തന്നെ മെക്കാനിക്കിന്റെ കാലൊടിഞ്ഞത്. 

അപകടം നടക്കുമ്പോൾ ട്രാക്കിൽ മൂന്നാം സ്ഥാനത്തായിരുന്ന റൈക്കോണൻ. എന്നാൽ ഈ സംഭവത്തെ തുടർന്നു പിറ്റ്ലൈനിൽ വച്ചു മത്സരത്തിൽ നിന്നു വിരമിക്കാൻ നിർബന്ധിതനായതോടെ റൈക്കോണന്റെ ബഹ്റൈൻ ഗ്രാൻപ്രിക്കും ഇതോടെ അന്ത്യമായി.  മത്സരത്തിനും ഇതോടെ അവസാനമായി. തന്റെ 200—ാം ഗ്രാൻപ്രിയിൽ പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ ബഹ്റൈനിൽ ചെക്കേഡ് ഫ്ളാഗ് കണ്ടതു മാത്രമാണു ഫെറാരിക്ക് ആശ്വസിക്കാനുള്ളത്. 

റൈക്കോണന്റെ കാറിന്റെ പിന്നിലെ ഇടതുഭാഗത്തെ ടയർ മാറാൻ നിയോഗിതനായിരുന്ന ഫ്രാൻസെസ്കൊ എന്ന മെക്കാനിക്കാണ് അപകടത്തിൽപെട്ടത്. സിഗ്നൽ ലഭിച്ചയുടൻ മുന്നോട്ടെടുത്ത കാർ മെക്കാനിക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു; ഫ്രാൻസെസ്കൊയുടെ കാലിൽ ഒന്നിലേറെ ഒടിവുണ്ടെന്നാണു വിവരം.

ലൈറ്റ് പച്ചയായതിനെ തുടർന്നാണു താൻ കാർ മുന്നോട്ടെടുത്തതെന്നു റൈക്കോണൻ വിശദീകരിക്കുന്നു. പിന്നിൽ എന്താണു നടക്കുന്നതെന്ന് അറിയില്ലായിരുന്നെന്നും ദൗർഭാഗ്യവശാൽ മെക്കാനിക്കിനു പരുക്കേറ്റെന്നും 2007ലെ ഫോർമുല വൺ ലോക ചാംപ്യനായ റൈക്കണൻ വിശദീകരിക്കുന്നു. മുന്നിൽ പച്ചവെളിച്ചം തെളിഞ്ഞാൽ കാറുമായി കുതിക്കുക എന്നതാണു തന്റെ ദൗത്യമെന്നും അദ്ദേഹം വ്യക്മതാക്കുന്നു.

അപകടത്തെതുടർന്ന് കുറച്ചു സമയം കൂടി കാറിൽ കാത്തിരുന്ന ശേഷമാണു റൈക്കോണൻ ബഹ്റൈൻ ഗ്രാൻപ്രിയിൽ നിന്നു പിൻമാറിയത്. ഇതിനോടകം മറ്റു മെക്കാനിക്കുകൾ ഫ്രാൻസെസ്കൊയെ പുറത്തെടുത്തിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിലെ ബഹ്റൈൻ ഗ്രാൻപ്രിക്കിടെ ഇതു രണ്ടാം തവണയാണു ഫെറാരിക്കു പിഴശിക്ഷ ലഭിക്കുന്നത്. വെള്ളിയാഴ്ചത്തെ പരിശീലന ഓട്ടത്തിനിടെ ശരിയായി മുറുക്കാത്ത ടയറുമായി റൈക്കോണൻ ട്രാക്കിലിറങ്ങിയതിനായിരുന്നു ആദ്യ ശിക്ഷ; 5000 യൂറോ(ഏകദേശം 3.99 ലക്ഷം രൂപ) യായിരുന്നു പിഴ.