ഹെൽമറ്റ് ധരിക്കാതെ പോകുന്നവരെ പിടിക്കാൻ പൊലീസ് ചെക്കിങ്ങുകൾ പതിവാണ്. എന്നാൽ പലപ്പോഴും ഹെൽമെറ്റില്ലാതെയെത്തി ചെക്കിങ്ങിനെ വെട്ടിച്ചു കടക്കാനാണ് ആളുകൾ ശ്രമിക്കാറ്. നിർത്താതെ പോകാൻ ശ്രമിക്കുന്ന ഇരുചക്രവാഹനങ്ങളെ പിടിക്കാൻ പൊലീസ് പല വിദ്യകൾ പ്രയോഗിക്കാറുണ്ട്.
ഹെൽമെറ്റിലാതെയെത്തി പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിക്കുന്ന ബൈക്ക് യാത്രികന് നേരെയുള്ള ബാംഗ്ലൂർ പൊലീസിന്റെ ചെരുപ്പ് വിദ്യയാണിപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. ഹെൽമെറ്റ് ധരിക്കാതെ പൊലീസ് ചെക്കിങ്ങിനെ വെട്ടിച്ചു കടക്കാൻ ശ്രമിക്കുന്ന ബൈക്ക് യാത്രികനു നേരെ ചെരുപ്പൂരി എറിഞ്ഞാണ് പൊലീസ് കലിപ്പു തീർക്കുന്നത്. പിന്നിൽ വന്നൊരു കാറിലെ ഡാഷ് ബോർഡ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
ഹെൽമെറ്റ് ധരിക്കാതെയെത്തിയ ബൈക്ക് യാത്രികന് നേരെ ചെരുപ്പെറിഞ്ഞ പൊലീസിന്റെ നടപടി ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും വൈറലായി മുന്നേറുകയാണ് വിഡിയോ.
ഹെൽമെറ്റ് എന്തിന്?
എല്ലാ ബൈക്ക് യാത്രികരും യാത്രക്കാരും നിർബന്ധമായി ധരിച്ചിരിക്കേണ്ട ഒന്നാണ് ഹെൽമറ്റ്. സ്വയം സുരക്ഷയ്ക്കായുള്ള ഹെൽമറ്റ് ധരിക്കാതിരിക്കുന്നതിന് എന്ത് ന്യായീകരണം നിരത്തിട്ടും കാര്യമില്ല. പോലീസിൽ നിന്ന് രക്ഷനേടാൻ മാത്രമല്ല അപകടങ്ങളിൽ നിന്നുന്ന സ്വന്തം സുരക്ഷയ്ക്കും ഹെൽമെറ്റ് അത്യാവശ്യം.
ചെറിയ വീഴ്ചകളിൽ നിന്നും, ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമ്മിതി. എന്നാൽ വേഗതയുടെ ഈ കാലഘട്ടത്തിൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെയാണ് സഞ്ചരിക്കുന്നത് അപകടം സംഭവിച്ചാലും വലിയ പരിക്കുകൾ പറ്റില്ലെന്ന് കരുതി ഹെൽമെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല. എന്നാൽ കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തല അടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്.
55 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാൻ ആയിരക്കണക്കിന് കാരണങ്ങൾ ഉണ്ടാകും. എന്നാൽ അതെല്ലാം പാഴ്‌വാദങ്ങളാകാൻ ഈ ഒറ്റകാര്യം മനസിലാക്കിയാൽ മതി.