പ്രതിമാസ വിൽപ്പനയിൽ റെനോയുടെ ചെറുഹാച്ച്ബാക്കായ ‘ക്വിഡി’നെ പിന്തള്ളി ടാറ്റ മോട്ടോഴ്സിന്റെ ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ മുന്നേറ്റം. ഏപ്രിലിൽ ‘ക്വിഡി’ന്റെ വിൽപ്പന 5,792 യൂണിറ്റിൽ ഒതുങ്ങിയപ്പോൾ സ്ഥിരതയാർന്ന മുന്നേറ്റം കാഴ്ചവയ്ക്കുന്ന ‘ടിയൊഗൊ’ 7,071 എണ്ണമാണു ടാറ്റ വിറ്റത്. ആകർഷക വിലയുടെ പിൻബലത്തോടെ എത്തുന്ന ‘ടിയാഗൊ’ ചെറുകാർ വിപണിയിൽ ‘ക്വിഡി’നു മാത്രമല്ല വെല്ലുവിളി സൃഷ്ടിക്കുന്നത്. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ശ്രേണിയിലെ ‘ഇയോണി’നും ‘ടിയൊഗൊ’ കനത്ത തലവേദനയാവുന്നുണ്ട്. 4,663 ‘ഇയോൺ’ ആയിരുന്നു ഹ്യുണ്ടേയ് ഏപ്രിലിൽ വിറ്റത്.
കാർ വിപണിയുടെ ആദ്യപടിയിലുള്ള ‘ഓൾട്ടോ കെ 10’, ‘ക്വിഡ്’ എന്നിവയ്ക്കും അടുത്ത തട്ടിലുള്ള ‘സെലേറിയൊ’, ‘വാഗൻ ആർ’ എന്നിവയ്ക്കും മധ്യത്തിലുള്ള വിലനിലവാരമാണു ‘ടിയാഗൊ’യ്ക്കായി ടാറ്റ മോട്ടോഴ്സ് തിരഞ്ഞെടുത്തത്. എന്നാൽ സ്ഥലസൗകര്യത്തിലും എൻജിൻ കരുത്തിലുമൊക്കെ ‘ഓൾട്ടോ’യ്ക്കും ‘ക്വിഡി’നും മാത്രമല്ല ‘സെലേറിയൊ’യ്ക്കും ‘വാഗൻ ആറി’നും മുകളിലാണു ‘ടിയാഗൊ’യ്ക്കു സ്ഥാനം. ‘ടിയാഗൊ’യിലെ 1.2 ലീറ്റർ പെട്രോൾ എൻജിൻ 84 ബി എച്ച് പി വരെ കരുത്തും 114 എൻ എം ടോർക്കും സൃഷ്ടിക്കുമ്പോൾ ‘വാഗൻ ആറി’നും ‘സെലേറിയൊ’യ്ക്കും കരുത്തേകുന്ന ഒരു ലീറ്റർ, മൂന്നു സിലണ്ടർ എൻജിൻ സൃഷ്ടിക്കുക 67 ബി എച്ച് പി വരെ കരുത്തും 90 എൻ എം ടോർക്കും മാത്രമാണ്. പോരെങ്കിൽ എതിരാളികൾക്കൊന്നും ഡീസൽ എൻജിൻ വകഭേദം ലഭ്യമല്ലാത്തതും ‘ടിയാഗൊ’യ്ക്കു നേട്ടമാവുന്നുണ്ട്; 1.05 ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ ചാർജ്ഡ് ഡീസൽ എൻജിനോടെയാണു കാർ വിൽപ്പനയ്ക്കുള്ളത്. 69 ബി എച്ച് പി വരെ കരുത്തും 140 എൻ എം ടോർക്കുമാണ് ഈ എൻജിനു സൃഷ്ടിക്കാനാവുക.
വിപണിയിലെ സ്വീകാര്യത മുതലെടുക്കാൻ കൂടുതൽ വകഭേദങ്ങളിൽ ‘ടിയാഗൊ’ വിൽപ്പനയ്ക്കെത്തിക്കാനും ടാറ്റ മോട്ടോഴ്സിനു പദ്ധതിയുണ്ട്. കൂടുതൽ കരുത്തുള്ള സ്പോർട്ടി പതിപ്പാവും ‘ടിയാഗൊ’യുടെ പുത്തൻ അവതാരങ്ങളിലൊന്ന്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണു ടാറ്റ കരുത്തേറിയ ‘ടിയാഗൊ ജെ ടി പി’ പ്രദർശിപ്പിച്ചത്; ഈ മോഡൽ വൈകാതെ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. 1.2 ലീറ്റർ, ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് ‘ടിയാഗൊ ജെ ടി പി’ക്കു കരുത്തേകുന്നത്. 108 ബി എച്ച് പി വരെ കരുത്തും 150 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനാവും. കടുപ്പമേറിയ സസ്പെൻഷനും സ്പോർട്ടി ശൈലിക്കായി പരിഷ്കരിച്ച ഹെഡ്ലൈറ്റുകളുമൊക്കെ ഈ മോഡലിന്റെ സവിശേഷതയാവും. ആറര ലക്ഷം രൂപയിൽ താഴെ വിലനിലവാരത്തിൽ വിൽപ്പനയ്ക്കെത്തുന്നതോടെ 100 ബി എച്ച് പിയിലേറെ എൻജിൻ ശേഷിയുള്ള ഹാച്ച്ബാക്കുകളുടെ വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ മോഡലുമാവും ‘ടിയാഗൊ ജെ ടി പി’.