ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെയും കോംപാക്ട് സെഡാനായ ‘ടിഗൊറി’ന്റെയും പ്രകടനക്ഷമതയേറിയ രൂപമായ ‘ജെ ടി പി’ പതിപ്പ് ടാറ്റ മോട്ടോഴ്സ് ഉടമകൾക്കു കൈമാറി. മുംബൈയിലെ സിഷാൻ ഖാന് ആദ്യ ‘ടിയാഗൊ ജെ ടി പി’ കൈമാറിയ വിവരം ടാറ്റ മോട്ടോഴ്സ് തന്നെയാണു ട്വിറ്ററിൽ പങ്കുവച്ചത്. ‘ജെ ടി പി’ പതിപ്പിനായി ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കെല്ലാം വൈകാതെ പുത്തൻ കാറുകൾ ലഭിക്കുമെന്നാണു സൂചന.
കോയമ്പത്തൂരിലെ ജെയെം ഓട്ടമോട്ടീവ്സ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തിലാണു ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’യുടെയും ‘ടിഗൊറി’ന്റെയും ‘ജെ ടി പി’ പതിപ്പുകൾ യാഥാർഥ്യമാക്കുന്നത്. പ്രകടനക്ഷമതയ്ക്കു മുൻതൂക്കം നൽകി വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ചു ടാറ്റ മോട്ടോഴ്സ് ശ്രേണിയിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ മോഡലുകളാണ് ‘ടിഗൊർ ജെ ടി പി’യും ‘ടിയാഗൊ ജെ ടി പി’യും.‘ടിയാഗൊ ജെ ടി പി’ക്ക് 6.39 ലക്ഷം രൂപയും ‘ടിഗൊർ ജെ ടി പി’ക്ക് 7.49 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിലെ വില.
സസ്പെൻഷനിലെയും സ്റ്റീയറിങ്ങിലെയും പരിഷ്കാരങ്ങൾക്കു പുറമെ കരുത്തേറിയ എൻജിനും ഈ കാറുകൾക്കു സ്വന്തമാണ്; 1.2 ലീറ്റർ, ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 114 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കാനാവും. കാറുകളിലെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിന്റെ കാര്യക്ഷമതയും വർധിപ്പിച്ചിട്ടുണ്ട്.
‘ടിയാഗൊ ജെ ടി പി’ വെറും 9.95 സെക്കൻഡിനകം നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. ‘ടിഗൊർ ജെ ടി പി’ ഇതേ വേഗം കൈവരിക്കാൻ 10.38 സെക്കൻഡ് എടുക്കുമത്രെ. പ്രകടനക്ഷമതയ്കകായി ‘സ്പോർട്’, ഇന്ധനക്ഷമതയ്ക്കായി ‘സിറ്റി’ ഡ്രൈവ് മോഡുകളോടെയാണ് ഇരുകാറുകളുമെത്തുന്നത്.
കാഴ്ചപ്പകിട്ടിനായി സ്പോർട്ടി ബോഡി കിറ്റ്, ഫംക്ഷനൽ ഹുഡ് വെന്റ്, ഡയമണ്ട് കട്ട് അലോയ് വീൽ, റൂഫിനും വിങ് മിററിനും കോൺട്രാസ്റ്റ് ഫിനിഷ് തുടങ്ങിയവയൊക്കെ ‘ജെ ടി പി’ പതിപ്പിലുണ്ട്. റെഡ് ഇൻസർട്ട്, തയ്യൽ, അഞ്ച് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിറ്റം, സ്പോർട്ടി അലൂമിനിയം പെഡൽ തുടങ്ങിയവയാണ് അകത്തളത്തിലെ മാറ്റം.