Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡൊമിനർ 400’ വിലയിൽ വർധന വീണ്ടും

bajaj-dominar-3.

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ‘ഡൊമിനർ 400’ വിലയിൽ വർധന വീണ്ടും; രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണു ബജാജ് ‘ഡൊമിനറി’ന്റെ വില വർധിപ്പിക്കുന്നത്. ഇക്കുറി 2,000 രൂപയുടെ വർധനയാണു ബജാജ് ‘ഡൊമിനർ 400’ വിലയിൽ നടപ്പാക്കിയത്. ഇതോടെ ബൈക്കിന്റെ അടിസ്ഥാന വകഭേദത്തിന്റെ ഡൽഹി ഷോറൂമിലെ വില 1,46,111 രൂപയായി. കഴിഞ്ഞ മാസവും ‘ഡൊമിനർ 400’ വിലയിൽ പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ 2,000 രൂപയുടെ വർധന നടപ്പാക്കിയിരുന്നു. ഇതോടെയാണു ബൈക്കിന്റെ വില 1,44,113 രൂപയായത്. ആന്റി ലോക്ക് ബ്രേക്ക് സംവിധാനമുള്ള ‘ഡൊമിനറി’ന്റെ വിലയാവട്ടെ 1,60,272 രൂപയായിട്ടുണ്ട്.

ബജാജ് ഓട്ടോ 2016 ഡിസംബറിലാണ് ‘ഡൊമിനർ 400’ അവതരിപ്പിച്ചത്; തുടർന്നുള്ള കാലത്തിനിടെ ബൈക്കിന്റെ വിലയിൽ വിവിധ ഘട്ടങ്ങളിലായി 10,000 രൂപയുടെ വർധനയാണു കമ്പനി നടപ്പാക്കിയത്. കഴിഞ്ഞ തവണ വില കൂട്ടുംമുമ്പ് ബജാജ് ‘ഡൊമിനറി’ന് മൂന്നു പുതിയ നിറങ്ങൾ ലഭ്യമാക്കിയിരുന്നു; സ്വർണപകിട്ടുള്ള വീലും അവതരിപ്പിച്ചു. 

ബജാജ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ‘ഡൊമിറി’ന് വിപണിയിൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. അവതരണ വേളയിൽ ‘ഡൊമിനറി’ന് പ്രതിമാസം 10,000 യൂണിറ്റ് വിൽപ്പന ലക്ഷ്യമിടുന്നെന്നാണു ബജാജ് ഓട്ടോ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ ലക്ഷ്യത്തിന്റെ അടുത്തൊന്നുമെത്താൻ ബജാജ് ഓട്ടോയ്ക്കു സാധിച്ചില്ലെന്നാണു കണക്കുകൾ നൽകുന്ന സൂചന; പരമാവധി 3,000 യൂണിറ്റ് വിൽപ്പനയാണു ‘ഡൊമിനർ 400’ കൈവരിച്ചത്.  അതുകൊണ്ടുതന്നെ തികച്ചും മത്സരക്ഷമമായ വിലകളിൽ ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കാറുള്ള ബജാജ്, ‘ഡൊമിനറി’ന്റെ വില തുടർച്ചയായി വർധിപ്പിക്കുന്നതു വിപണിയെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിൽ മഹീന്ദ്രയുടെ ‘മോജൊ യു ടി’, റോയൽ എൻഫീൽഡിന്റെ ‘ബുള്ളറ്റ് ക്ലാസിക് 350’ തുടങ്ങിയവയോടാണ് ‘ഡൊമിനർ 400’ മത്സരിക്കുന്നത്. ‘മോജൊ യു ടി’ക്ക് 1.49 ലക്ഷം രൂപയും ‘ബുള്ളറ്റ് ക്ലാസിക്കി’ന് 1.36 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.