സ്പോർട്സ് ടൂററായ ‘ഡൊമിനറി’ന്റെ വില ബജാജ് ഓട്ടോ ലിമിറ്റഡ് വർധിപ്പിച്ചു; ‘ഡൊമിനർ 400’ ബൈക്കിന്റെ വില 1,000 രൂപയാണു വർധിപ്പിച്ചത്. ഇതോടെ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനമുള്ള ‘ഡൊമിനറി’ന്റെ വില ഡൽഹി ഷോറൂമിൽ 1.63 ലക്ഷം രൂപയായി. ഉൽപ്പാദനം അവസാനിപ്പിക്കാൻ തീരുമാനിട്ടിട്ടുണ്ടെങ്കിലും എ ബി എസില്ലാത്ത ‘ഡൊമിനറി’ന്റെ നിലവിലുള്ള സ്റ്റോക്കിനും 1,000 രൂപ വില വർധിപ്പിച്ച് 1.49 ലക്ഷം രൂപയ്ക്കാവും ബജാജ് വിൽക്കുക.
അടുത്തയിടെ ‘ഡൊമിനറി’ന്റെ വില ഇതു മൂന്നാം പ്രാവശ്യമാണ് ബജാജ് ഓട്ടോ വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിലും ജൂലൈയിലും ‘ഡൊമിനർ’ വിലയിൽ 2,000 രൂപയുടെ വീതം വർധനയാണു കമ്പനി നടപ്പാക്കിയത്.
മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന സ്പോർട്സ് ടൂററെന്ന നിലയിലാണു ബജാജ് ഓട്ടോ ‘ഡൊമിനർ 400’ അവതരിപ്പിച്ചത്. കെ ടി എം ശ്രേണിയിലെ ‘ഡ്യൂക് 390’ എൻജിനുമായി അടുത്ത ബന്ധമുള്ള എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; എന്നാൽ നാലു വാൽവ്, സിംഗിൾ ഓവർഹെഡ് കാമുള്ള എൻജിനിൽ മൂന്നു സ്പാർക് പ്ലഗ്ഗാണുള്ളത്. 373 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനു പരമാവധി 35 പി എസ് വരെ കരുത്തും 35 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.
പ്രസ്ഡ് സ്റ്റീൽ ട്വിൻ സ്പാർ ശൈലിയിലുള്ള മെയിൻ ഫ്രെയിം സ്റ്റീൽ സ്വിങ് ആമിലാണ് അവാസനിക്കുന്നത്. മുന്നിൽ 43 എം എം ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷൻ. പിന്നിൽ കൂടുതൽ സ്പിങ് റേറ്റ് ഉറപ്പാക്കാൻ രണ്ട് മൾട്ടി റേറ്റ് സ്പ്രിങ്ങുകളുമുണ്ട്. മുന്നിൽ 320 എം എം ഡിസ്കും പിന്നിൽ 230 എം എം ഡിസ്കുമാണു ബ്രേക്ക്. ഇക്കൊല്ലം ‘ഡൊമിനറി’ൽ ചില്ലറ പരിഷ്കാരങ്ങൾ ബജാജ് നടപ്പാക്കിയിരുന്നു; പുതിയ നിറങ്ങൾ അവതരിപ്പിച്ചതിനൊപ്പം സ്വർണ വർണമുള്ള അലോയ് വീലും ലഭ്യമാക്കി. എന്നാൽ സാങ്കേതിക വിഭാഗത്തിൽ വരുത്തിയിരുന്നില്ല.