Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിചക്രവാഹന ഉൽപ്പാദനം 10 ലക്ഷമാക്കാൻ ബജാജ്

bajaj-logo

ത്രിചക്രവാഹന, ക്വാഡ്രിസൈക്കിൾ ഉൽപ്പാദന ശേഷി പ്രതിവർഷം 10 ലക്ഷം യൂണിറ്റിലെത്തിക്കാൻ പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ ലിമിറ്റഡിനു പദ്ധതി. വൈദ്യുത വാഹനങ്ങൾക്കും ബദൽ ഇന്ധനം ഉപയോഗിക്കുന്ന മോഡലുകൾക്കും വാണിജ്യ വിഭാഗത്തിലെ പെർമിറ്റ് വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം സൃഷ്ടിക്കുന്ന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്. ബദൽ ഇന്ധനങ്ങളിൽ ഓടുന്ന വാണിജ്യ വാഹന വിഭാഗത്തിൽ നിലവിൽ 86% വിപണി വിഹിതമാണു ബജാജ് ഓട്ടോ അവകാശപ്പെടുന്നത്. 

അതേസമയംത്രിചക്രവാഹനങ്ങളുടെയും ക്വാഡ്രിസൈക്കിളുകളുടെയും വാർഷിക ഉൽപ്പാദനശേഷി 10 ലക്ഷം യൂണിറ്റായി ഉയർത്താൻ പ്രത്യേക സമയക്രമമൊന്നും ബജാജ് ഓട്ടോ ലിമിറ്റഡ് പ്രഖ്യാപിച്ചിട്ടില്ല. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര പ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽ പുതിയ പെർമിറ്റുകൾ അനുവദിച്ച സാഹചര്യത്തിൽ കഴിഞ്ഞ 12 മാസത്തിനിടെ ത്രിചക്രവാഹന വിൽപ്പനയിൽ കാര്യമായ മുന്നേറ്റം കൈവരിച്ചതായും ബജാജ് ഓട്ടോ വെളിപ്പെടുത്തി.

വൈദ്യുത വാഹനങ്ങൾക്കും ബദൽ ഇന്ധനം ഉപയോഗിക്കുന്ന ഓട്ടോ റിക്ഷ, ബസ്, ടാക്സി തുടങ്ങിയവയ്ക്കും പെർമിറ്റ് സമ്പ്രദായം ഒഴിവാക്കുമെന്നു കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) കൺവൻഷനിലാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരി പ്രഖ്യാപിച്ചത്.

ഈ തീരുമാനം ക്വാഡ്രിസൈക്കിളായ ‘ക്യൂട്ടി’നും ഏറെ ഗുണകരമാവുമെന്നാണു ബജാജിന്റെ പ്രതീക്ഷ; സി എൻ ജി, എൽ പി ജി ഇന്ധന സാധ്യതകളോടെ എത്തുന്ന ‘ക്യൂട്ടി’ന് അനായാസം വാണിജ്യ വാഹന പെർമിറ്റ് ലഭിക്കുമെന്നതാണു നേട്ടം. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ 4.35 ലക്ഷം ത്രിചക്ര വാഹനങ്ങളാണു ബജാജ് ഓട്ടോ വിറ്റത്; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 88% അധികമാണിതെന്നും കമ്പനി വെളിപ്പെടുത്തുന്നു.