Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവകാലം: ‘5- 5 - 5’ പദ്ധതിയുമായി ബജാജ് ഓട്ടോ

bajaj-v

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ‘5- 5 - 5’ പദ്ധതി പ്രഖ്യാപിച്ചു. അഞ്ചു വർഷത്തെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ, അഞ്ചു സൗജന്യ സർവീസ്, അഞ്ചു വർഷ വാറന്റി എന്നിവയാണു പദ്ധതിയുടെ ഭാഗമായി ബജാജിന്റെ വാഗ്ദാനം. ‘പ്ലാറ്റിന’, ‘ഡിസ്കവർ’, ‘പൾസർ’, ‘വി’ ശ്രേണിക്കാണു ബജാജിന്റെ പുതിയ പദ്ധതി ലഭ്യമാവുക.

പുതിയ പദ്ധതി പ്രകാരം ‘പൾസർ’ വാങ്ങുന്നവർക്ക് 9,800 രൂപയുടെയും ‘വി’ക്കൊപ്പം 5,200 രൂപയുടെയും ‘ഡിസ്കവറി’ന് 4,800 രൂപയുടെയും ‘പ്ലാറ്റിന’യ്ക്ക് 4,100 രൂപയുടെയും ആനുകൂല്യമാണു ലഭിക്കുകയെന്നു ബജാജ് ഓട്ടോ അവകാശപ്പെട്ടു. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ മാത്രമാണു ‘പൾസറി’ന്റെ സമ്പൂർണ ശ്രേണിക്ക് ‘5 — 5 — 5’ ഓഫർ ലഫിക്കുക. മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ‘പൾസർ’ മോഡലുകൾക്കു മാത്രമാണ് ഈ ഇളവ് ബാധകമാവുക.

ഇരുചക്രവാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസിന്റെ കാലാവധി അഞ്ചു വർഷമാക്കാനുള്ള ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിട്ടി(ഐ ആർ ഡി എ)യുടെ തീരുമാനത്തെ തുടർന്ന് ഇരുചക്രവാഹന ഇൻഷുറൻസ് പ്രീമിയത്തിൽ കാര്യമായ വർധന സംഭവിച്ചിരുന്നു. 

ഐ ആർ ഡി എ തീരുമാനത്തിന്റെ ഫലമായി ഇരുചക്രവാഹന വിലയിൽ ആറായിരത്തോളം രൂപയുടെ വർധനയാണു നേരിട്ടതെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോർ സൈക്കിൾ ബിസിനസ്) എറിക് വാസ് അറിയിച്ചു. ഈ അധിക ബാധ്യത നേരിടാൻ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ പദ്ധതി അവതരിപ്പിക്കുന്നതെന്നും വാസ് വിശദീകരിച്ചു. 

പുതിയ ബൈക്കുകളുടെ ആദ്യ വർഷത്തെ ഇൻഷുറൻസ് പ്രീമിയ ബാധ്യത ഏറ്റെടുക്കുന്നതിനൊപ്പം അടുത്ത നാലു വർഷത്തേക്ക് ആകർഷകമായ ഇളവുകളും ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.