അംബാസഡറിലെ സ്ഥല സൗകര്യവും മാരുതി സെന്നിന്റെ വലുപ്പവും മാരുതി 800–നോട് അടുത്തുനിൽക്കുന്ന വിലയുമായെത്തി ഇന്ത്യൻ വിപണിയിൽ ചലനം സൃഷ്ടിച്ച ടാറ്റ ഇൻഡിക്കയ്ക്കു വിട. രാജ്യത്തെ ആദ്യ പൂർണ ഇന്ത്യൻ കാറെന്നു വിശേഷിപ്പിക്കപ്പെട്ട കാറിന്റെ ഉൽപാദനം ടാറ്റ മോട്ടോഴ്സ് അവസാനിപ്പിച്ചു.
നിലവിലെ കാർ ഉടമകൾക്ക് സർവീസ്–സ്പെയർ പാർട്സ് ലഭ്യത ഉറപ്പുവരുത്തുമെന്നു കമ്പനി വ്യക്തമാക്കുന്നുണ്ട്. ഇൻഡിക്കയെ അടിസ്ഥാനമാക്കി നിർമിച്ച ഇൻഡിഗോ സെഡാന്റെ ഉൽപാദനവും അവസാനിപ്പിച്ചിട്ടുണ്ട്.1998 ഡിസംബറിലാണ് ആദ്യത്തെ ഇൻഡിക്ക വിപണിയിലെത്തിയത്. ആധുനിക രൂപകൽപനയും സാങ്കേതികത്തികവുമുള്ള കാറുകളിലേക്ക് കമ്പനി മാറിയതിന്റെ ഭാഗമായാണു പഴയ മോഡലുകൾ അവസാനിപ്പിക്കുന്നതെന്നു കമ്പനി പറഞ്ഞു.
1991ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേറ്റ രത്തൻ ടാറ്റയുടെ ആശയവും ആവേശവുമായിരുന്നു ഇൻഡിക്ക. മാരുതിക്കു പിന്നാലെ ഏതാനും വിദേശ കമ്പനികൾകൂടി ഇന്ത്യൻ വിപണിയിലെത്തുന്ന കാലത്താണ് അദ്ദേഹം ചെറുതെങ്കിലും സ്ഥല സൗകര്യമുള്ള കാർ എന്ന ആശയം മുന്നോട്ടുവച്ചത്. പൂർണമായും ഇന്ത്യൻ ആകണം എന്ന നിർബന്ധവുമുണ്ടായിരുന്നു. ഇൻഡിക്ക എന്ന പേരുതന്നെ ഇന്ത്യൻ കാർ എന്നതിന്റെ ചുരുക്കമായിരുന്നു.
ആദ്യമായി ഡീസൽ എൻജിനുമായെത്തിയ ചെറുകാറും ഇൻഡിക്കയാണ്. 1998ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ താരമായി അവതരിച്ച ഇൻഡിക്ക അക്കൊല്ലം ഡിസംബറിൽ വിപണിയിലെത്തി. ആകർഷക രൂപവും മാരുതി 800–നെക്കാൾ കുറഞ്ഞ വിലയുമൊക്കെയായെത്തിയ ഇൻഡിക്ക വിപണിയെ കാര്യമായി ആകർഷിച്ചു. ഇൻഡിക്ക വരുംമുൻപ് മാരുതി കാറുകൾക്കു വില കുറയ്ക്കുകപോലും ചെയ്തിരുന്നു. ടാറ്റ ആദ്യമായുണ്ടാക്കിയ കാറിൽ പലപല ഗുണനിലവാര പ്രശ്നങ്ങൾ ഉടമകൾക്ക് അനുഭവിക്കേണ്ടി വന്നെങ്കിലും അതെല്ലാം പരിഹരിച്ച് 2001ൽ ‘വി 2’ പതിപ്പ് എത്തിക്കാൻ ടാറ്റയ്ക്കു കഴിഞ്ഞു.
പിന്നീട് ‘മോഡേൺ’ കാറുകളോട് ഏറ്റുമുട്ടിയപ്പോൾ അൽപം ക്ഷീണമുണ്ടായെങ്കിലും ടാക്സി വിപണിയുടെ പ്രിയ വാഹനമായി ഇൻഡിക്ക മാറി. ഇൻഡിക്കയുടെ സെഡാൻ രൂപമായി ടാറ്റ പിന്നീട് ഇൻഡിഗോ വിപണിയിലെത്തിച്ചു. നാലു മീറ്ററിൽത്താഴെ നീളമുള്ള കാറുകൾക്ക് നികുതി കുറവ് എന്ന വ്യവസ്ഥ വന്നപ്പോൾ ഇൻഡിഗോയുടെ നീളം വെട്ടിക്കുറച്ച് ടാറ്റ ഇന്ത്യയിലെ ആദ്യ കോംപാക്ട് സെഡാൻ ആയ ഇൻഡിഗോ സിഎസ് അവതരിപ്പിച്ചു.
ഇൻഡിക്ക കുടുംബത്തിൽ പിന്നീടുവന്ന ഇൻഡിക്ക വിസ്റ്റ, മാൻഡ എന്നീ മോഡലുകൾ ഏതാനും വർഷം മുൻപ് കമ്പനി അവസാനിപ്പിച്ചിരുന്നു. ഹെക്സ, ടിയാഗോ, ടിഗോർ, നെക്സോൺ ശ്രേണി വാഹനങ്ങളിലൂടെ കഴിഞ്ഞ രണ്ടുവർഷം കൊണ്ടു പുതിയ മുഖം നേടിയ ടാറ്റ മോട്ടോഴ്സ്, ഇൻഡിക്കയും വൈകാതെ അവസാനിപ്പിക്കുമെന്നു.