മഹീന്ദ്ര കമാൻഡർ എന്ന പേര് നമുക്ക് സുപരിചിതമാണ്, മലയോര ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമുള്ള ജനങ്ങളുടെ പ്രധാന യാത്രാമാർഗമായിരുന്നു മഹീന്ദ്രയുടെ ഈ കരുത്തൻ. ഇന്നും മലയോര ഗ്രാമങ്ങൾ കമാൻഡറുകളെ ധാരാളമായി കാണാൻ സാധിക്കും. അമേരിക്കൻ ബ്രാൻഡായ ജീപ്പിനും ഒരു കമാൻഡറുണ്ട്, ഗ്രാൻഡ് കമാൻഡർ. 2005 ൽ വിപണിയിലെത്തിയ 2010 ൽ പിൻവാങ്ങിയ ഈ കരുത്തൻ വീണ്ടും എത്തികയാണ്. ആദ്യവരവിൽ ഗ്ലോബൽ മോഡലായിരുന്നെങ്കിൽ രണ്ടാം വരവ് ചൈനയിൽ മാത്രം ഒതുക്കുകയാണ്.
കഴിഞ്ഞ മാസം നടന്ന ബീജിങ് ഓട്ടോഷോയിൽ പുതിയ കമാൻഡറെ കമ്പനി പ്രദർശിപ്പിച്ചു. 2017 ഷാങ്ഹായ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച യുന്റു കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് പുതിയ കമാൻഡർ. ഗ്രാൻഡ് ചെറോക്കിയെ അടിസ്ഥാനമാക്കിയാണ് പുതിയ വാഹനം നിർമിച്ചിരിക്കുന്നത്. ഏഴു പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഫുൾസൈസ് എസ് യു വിയാണ് പുതിയ ഗ്രാൻഡ് കമാൻഡർ. പ്രീമിയം സൗകര്യങ്ങളുമായി എത്തുന്ന എസ‌്‌യുവി ഉടൻ തന്നെ ചൈനീസ് വിപണിയിൽ മികച്ച സ്വീകരണം ലഭിക്കും എന്നാണ് ജീപ്പ് പ്രതീക്ഷിക്കുന്നത്.
ടുവീൽ ഡ്രൈവ്, ഫോർ വീല്‍ മോഡലുകളുള്ള വാഹനം ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് വിൽപ്പനയ്ക്കെത്തുക. ചൈനയിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകും ഈ എൻജിൻ. 4873 എംഎം നീളവും 1892 എംഎം വീതിയും 1738 എംഎം പൊക്കവും 2800 എംഎം വീൽബെയ്സുമുണ്ട് പുതിയ വാഹനത്തിന്.
തുടക്കത്തിൽ ചൈനയിൽ മാത്രം പുറത്തിറങ്ങുന്ന വാഹനത്തിന്റെ ഇന്ത്യൻ അരങ്ങേറ്റത്തെപ്പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ജീപ്പ് കോംപസിന് ലഭിച്ച സ്വീകാര്യത പുതിയ വാഹനങ്ങള്‍ പുറത്തിറക്കാൻ ജീപ്പിനെ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെത്തുകയാണെങ്കിൽ ഇന്നോവയായിരിക്കും കമാൻഡറിന്റെ എതിരാളി. എന്നാൽ ഇന്ത്യയിലും കമാൻഡർ എന്ന പേരിൽ എത്താൻ സാധ്യത കുറവാണ്. 25 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ വില.