ബുള്ളറ്റിനെ ട്രോളാതെ ഡോമിനറിന്റെ പുതിയ പരസ്യം

Screengrab

റോയൽ എൻഫീൽഡ് ബൈക്കുകള്‍‌ക്കെതിരെ ‘പരസ്യ’ യുദ്ധത്തിലായിരുന്നു ഡോമിനർ. ആനയെ പോറ്റുന്നത് നിർത്തൂ എന്ന പരസ്യ സീരിസിലെ ആറാമത്തെ പരസ്യത്തിന് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നു ബജാജ്. എൻഫീൽഡിനെ കളിയാക്കാതെ പുതിയ പരസ്യത്തിലൂടെയാണ് ബജാജ് സമാധാനം കൈവരിച്ചിരിക്കുന്നത്.

ദൂര യാത്രകൾ പതുക്കെപോകാൻ ആരാണ് പറഞ്ഞത് എന്നു പറഞ്ഞു തുടങ്ങുന്ന പരസ്യത്തിൽ ഇടയ്ക്കിടെ ബുള്ളറ്റിനിട്ട് കൊട്ടുന്നുണ്ടെങ്കിലും ഹാത്തി മത്പാലോ എന്ന പരസ്യത്തിലെ പോലെ കളിയാക്കലുകളില്ല. ഡോമിനറിന്റെ മുഴുവൻ ഗുണവും എടുത്തു കാട്ടുന്നതാണ് 1.52 മിനിറ്റ് ദൈർഘ്യമുള്ള ഈ പരസ്യം. മികച്ച ബ്രേക്കും യാത്രസുഖവും മികച്ച എൻജിനുമുള്ള ബൈക്കാണ് ഡോമിനർ എന്നാണ് ബജാജ് പരസ്യത്തിലൂടെ പറയുന്നത്. ദൂരയാത്രകൾ മുമ്പേങ്ങും അനുഭവിക്കാത്ത രീതിയിൽ ഹൈപ്പർ റൈഡറായ ഡോമിനറിലൂടെ ആസ്വദിക്കു എന്ന പറഞ്ഞാണ് പരസ്യം അവസാനിപ്പിക്കുന്നത്.

ആനയെ പരിപാലിക്കുന്നത് നിർത്തൂ, റോയൽ എൻഫീൽഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യങ്ങൾ ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. പരിപാലനചെലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനർ സ്വന്തമാക്കൂവെന്നു പറയുന്ന ബജാജിന്റെ പരസ്യം എൻഫീൽഡ് ആരാധകരുടെ കണക്കറ്റ പരിഹാസവും ഏറ്റു വാങ്ങിയിരുന്നു.

ബജാജ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ എൻജിനുള്ള ബൈക്കാണ് ഡോമിനർ. ബൈക്കിലെ 373 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന് 34.5 ബി എച്ച് പി കരുത്തും 35 എൻ എം ടോർക്കും. സ്ലിപ്പർ ക്ലച് യൂണിറ്റ് സഹിതമുണ്ട് ബൈക്കിലെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഗീയർബോക്സിന്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും  പിന്നിൽ മോണോഷോക് സസ്പെൻഷനും. ഇരട്ട ചാനൽ എ ബി എസിനൊപ്പം ബൈബ്രെ ഡിസ്ക് ബ്രേക്കുകളും.