രണ്ടാം അങ്കത്തിന് ഇന്ത്യയിലെത്തുന്ന പ്യുഷൊ ആദ്യം പുറത്തിറക്കുക എസ് യു വി. രാജ്യാന്തര വിപണിയിൽ നിലവിലുള്ള സി5 എയർക്രോസ് എന്ന പ്രീമിയം എസ് യു വിയെ അടിസ്ഥാനമാക്കിയ മോഡലാണ് ഇന്ത്യയിൽ ആദ്യമെത്തുക. പിഎസ്എ ഗ്രൂപ്പിനു കീഴിലുള്ള സിട്രോണിന്റെ ലേബലിലാണ് പ്രീമിയം എസ് യു വി ഇപ്പോൾ വിപണിയിലെത്തുന്നത്. ജീപ്പ് കോംപസ്, മഹീന്ദ്ര എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന എസ് യു വി വിപണിയിൽ ശ്രദ്ധിക്കപ്പെടും എന്നാണ് പിഎസ്എ പ്രതീക്ഷിക്കുന്നത്.
കൂടാതെ കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസ, ഹാച്ച്ബാക്ക് സ്വിഫ്റ്റ്, കോംപാക്റ്റ് സെഡാൻ ഡിസയർ എന്നിവയ്ക്കുള്ള എതിരാളികളും പ്യൂഷോയുടെ ആവനാഴിയിലുണ്ട്. എസ്‌സി1 (സ്മാർട് കാർ 1), എസ്‌സി 2, എസ്‌സി 3 എന്ന പേരിൽ പ്യൂഷോ വികസിപ്പിക്കുന്ന വാഹനങ്ങൾ 2020–ലെ ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പ്രധാനമായും ഇന്ത്യൻ വിപണിക്കായി വികസിപ്പിക്കുന്ന കാർ മറ്റ് ആസിയാൻ വിപണികളിലും ആഫ്രിക്കൻ വിപണികളിലും പിഎസ്എ അവതരിപ്പിക്കും. നേരത്തെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ നിന്ന് അംബാസിഡർ ബ്രാൻഡ് കമ്പനി സ്വന്തമാക്കിയിരുന്നു.. ഇന്ത്യയിലേക്കുള്ള രണ്ടാം വരവിലെങ്കിലും ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് പ്യൂഷോ, സിട്രോൻ, ഡി എസ് ബ്രാൻഡുകളുടെ ഉടമയായ പി എസ് എ ഗ്രൂപ്പ്. ഇതിനായാണു ജനപ്രിയ സെഗ്‌മെന്റിൽ തന്നെ വാഹനമിറക്കുന്നത്. പ്രീമിയം സൗകര്യങ്ങളും കുറഞ്ഞ വിലയുമായാണ് പുതിയ വാഹനങ്ങളുടെ വരവ്.
പ്രീമിയർ ഓട്ടമൊബീൽസുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു പി എസ് എ ഗ്രൂപ്പിന്റെ ആദ്യ വരവ്. ‘പ്യൂഷോ 309’ എന്ന ഒറ്റ മോഡലിലൊതുങ്ങിയ പരീക്ഷണം അവസാനിപ്പിച്ച് 1990 ഒടുവിൽ കമ്പനി ഇന്ത്യൻ വിപണിയോടു വിട പറയുകയായിരുന്നു. രണ്ടാം തവണ 2011ൽ പുതിയ ശാല സ്ഥാപിക്കാനായി ഗുജറാത്തിൽ സ്ഥലം പോലും വാങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ പി എസ് എ ഗ്രൂപ് പിൻമാറി; യൂറോപ്പിൽ നേരിട്ട സാമ്പത്തിക പ്രശ്നങ്ങളായിരുന്നു കമ്പനിയെ അന്നു പിന്നോട്ടടിച്ചത്.
എന്നാൽ ആഗോളതലത്തിൽ തന്നെ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു മുന്നേറുന്ന ഇന്ത്യയെ അവഗണിക്കാനാകാത്ത സാഹചര്യമാണ് വിപണിയിൽ തിരിച്ചെത്താൻ പി എസ് എ ഗ്രൂപ്പിനെ നിർബന്ധിതരാക്കുന്നത്. എങ്കിലും മാരുതി സുസുക്കിയുടെ ‘സ്വിഫ്റ്റ്’ വാഴുന്ന വിഭാഗം ലക്ഷ്യമിട്ട് എസ് യു വിയിൽ നിന്നു പ്രചോദിതമായ ഹാച്ച്ബാക്കും ഇന്ത്യയിലെത്തും. പിന്നാലെ കോംപാക്ട് എസ് യു വിയും ഇടത്തരം സെഡാനുമെത്തും.