കാലങ്ങളോളം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായിരുന്നു അംബാസിഡർ. പുതു തലമുറ കാറുകളുടെ മുന്നിൽ പിടിച്ചു നിൽക്കാനവാതെ ഉത്പാദനം നിർത്തിയ അംബാസിഡർ തിരിച്ചു വരവിന്റെ പാതയിലാണ്. അംബാഡിഡർ എന്ന ബ്രാന്‍ഡ് നാമം ഫ്രഞ്ച് നിര്‍മാതാക്കളായ പ്യുഷൊയ്ക്കു സ്വന്തമാക്കിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്. പ്യൂഷോയ്ക്കും അംബാസിഡറിനും ഇത് രണ്ടാം ജന്മമായിരിക്കും.
ഇന്ത്യയിലെ ജനപ്രിയ കാറിന്റെ പേരുപയോഗിച്ച് ഒരു രണ്ടാം എൻട്രിക്ക് പ്യൂഷൊ ശ്രമിക്കുമ്പോൾ റിട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാറായി അംബാസിഡർ വീണ്ടുമെത്തും. മാരുതി സുസുക്കി ഡിസയറിനെ ലക്ഷ്യം വെച്ച് കോംപാക്റ്റ് സെഡാൻ സെഗ്‌മെന്റിലേയ്ക്കായിരിക്കും പുതിയ വാഹനം പ്യൂഷൊ പുറത്തിറക്കുക. ആറ് ലക്ഷം മുതൽ 9 ലക്ഷം രൂപ വരെയായിരിക്കും വില.
ഒരു കാലത്ത് ഇന്ത്യക്കാരുടെ ജനപ്രിയ കാറായിരുന്ന അംബാസിഡർ പോലൊരു ബ്രാൻഡ് നാമത്തിന് പ്യൂഷോയെ ജനകീയമാക്കാൻ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കായി എസ്‌സി1 ( സ്മാർട് കാർ 1), എസ്‌സി 2, എസ്‌സി 3 എന്ന കോഡ് നാമത്തിൽ പ്യൂഷോ വികസിപ്പിക്കുന്ന വാഹനങ്ങൾ 2020–ലെ ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ മോഡലായ സ്വിഫ്റ്റിനോട് ഏറ്റുമുട്ടാൻ എസ് സി 21 എന്ന കോഡ്നാമത്തിൽ വികസിപ്പിക്കുന്ന ഹാച്ച്ബാക്കും കൂടാതെ കോംപാക്റ്റ് സെഡാനുമായിരിക്കും ആദ്യമെത്തുന്ന വാഹനങ്ങൾ. എന്നാൽ ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല