Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ജിപ്സിയുടെ പിൻഗാമി ജിംനി, എത്തുന്നത് രാജാവാകാൻ

suzuki-jimny Image Souce-Social Media

ഓഫ് റോഡുകളിലെ രാജാവാണ് ജിപ്സി. മാരുതിയായി ഇന്ത്യയിൽ എത്തി സൈന്യത്തിന്റെ പ്രിയ വാഹനമായി മാറിയതോടെ ജിപ്സി ജനകീയനായി. നമുക്ക് ജിപ്സിയാണെങ്കിലും രാജ്യാന്തര വിപണിയിൽ ഈ ചെറു വാഹനം ജിംനിയാണ്. ജീപ്പിന്റെ രൂപഗുണത്തോടെ 1970ൽ ജാപ്പനീസ് വിപണിയിലാണ് ജിംനി പുറത്തിറങ്ങുന്നത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ജിംനി ജപ്പാനില്‍ ജനപ്രീതി സമ്പാദിച്ചു. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1981ല്‍ രണ്ടാം തലമുറ ജാപ്പനീസ് വിപണിയിലെത്തി. ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ഇന്ത്യയിൽ അവതരിപ്പിച്ച ജിപ്‌സി. ഇന്ത്യയില്‍ ജിപ്‌സിയുടെ ഒരു തലമുറ മാത്രേമേ ഇറങ്ങിയിട്ടുള്ളുവെങ്കിലും രാജ്യാന്തര വിപണിയില്‍ 1998ല്‍ മൂന്നാം തലമുറയും പുറത്തിറങ്ങി.

suzuki-jimny-1 Jimny

മൂന്നാം തലമുറ പുറത്തിറങ്ങിയത് ശേഷം നീണ്ട 20 വര്‍ഷം കഴിഞ്ഞെങ്കിലും വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല. ജീപ്പ് റെനഗേഡ് പോലുള്ള ലൈറ്റ് ജീപ്പ് മോഡലുകളുടെ രാജ്യാന്തര വിപണിയിലെ മികച്ച പ്രകടനമാണ് സുസുക്കിയെ നാലാം തലമുറ വിപണിയിലെത്തിക്കുന്നതിന് പ്രേരിപ്പിച്ചത്. അടിമുടി മാറ്റങ്ങളുമായി പുതിയ തലമുറ ജിംനി അടുത്ത മാസം ജപ്പാനിൽ പ്രദർശിപ്പിക്കും.

പ്രദർശനത്തിനൊരുങ്ങുന്ന ജിംനിയുടെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നു. ഇന്ത്യൻ ജിപ്സിയിൽ നിന്ന് വ്യത്യസ്തമായി ചെറിയ രൂപമാണ് ജിംനിക്ക്. രണ്ട് ഡോർ വകഭേദം ഓഫ് റോഡിനും ഓൺറോഡിനും ഒരുപോലിണങ്ങും. ജീപ്പുകളുടെ ക്ലാസിക് രൂപം നിലനിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. മുൻഗ്രില്ലുകളും വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും വേറിട്ടു നിൽക്കുന്നു. ലാഡർ ഓൺഫ്രെയിം നിർമാണ ശൈലിയാണ്. ഫോഗ് ലാമ്പിലും ഹെഡ്‌ലാമ്പിലും പാരമ്പര്യവും പുതുമയും ചേർന്നു നിൽക്കുന്നു. ഇന്റീയറിലും ജീപ്പ് സ്വഭാവം നിലനിർത്തിയിട്ടുണ്ട്. സുസുക്കിയുടെ ബലേനൊ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളിൽ കാണുന്ന ടെക്നോളജികളെല്ലാം ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്. 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവുമുണ്ട്.

suzuki-jimny-2 Jimny

1.2 ലീറ്റർ കെ സീരിസ് പെട്രോൾ, 1 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എന്നിങ്ങനെ ഓപ്ഷനുകളോടുകൂടിയാണ് പുതിയ ജിംനി വിപണിയിലെത്തുക. ജാപ്പനീസ് വിപണിയിൽ 660 സിസി എൻജിനുമുണ്ടാകും. സുസുക്കിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലായിരിക്കും. ബലേനൊയും മാരുതി ഉടന്‍ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്നിസും നിര്‍മിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലാകും ജിംനിയുടെ നിര്‍മാണം. മാരുതിയുടെ ഗുജറാത്ത് നിര്‍മാണ ശാലയില്‍ ഉടന്‍ നിർമാണം ഉടൻ ആരംഭിക്കും.

ദക്ഷിണേഷ്യയിലേയും യൂറോപ്പിലേയും ബ്രസീലിലേയും ജപ്പാനിലേയും വിപണികളിലേക്കുള്ള ജിംനിയായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. അതുകൊണ്ടു തന്നെ ഈ ജിംനി തന്നെ ജിപ്‌സിയായി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമോ എന്ന ആകാംക്ഷയിലാണ് വാഹന ലോകം. എന്നാല്‍ കമ്പനി ഇതുവരെ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.