Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് റെനഗേഡിനെ തകർക്കാൻ എത്തുമോ ജിംനി

Suzuki Jimny Suzuki Jimny 2019

കരുത്തും സ്റ്റൈലും ഒരുപോലെ സമം ചേർത്ത് സുസുക്കി ജിംനി. ലൈറ്റ് ജീപ്പ് മോഡൽ എന്ന പേരിൽ പുറത്തിറങ്ങി രാജ്യാന്തര മോഡലായി വളർന്ന ജിംനിയുടെ ‌നാലാം തലമുറയുടെ ചിത്രങ്ങൾ സുസുക്കി പുറത്തുവിട്ടു. രാജ്യാന്തര വിപണിയിലെ മൂന്നു ഡോർ രൂപം തന്നെയാണ് പുതിയ ജിംനിക്കും. ‌ഓഫ് റോഡിനും ഓൺറോഡിനും ഒരുപോലിണങ്ങുന്ന രീതിയിലാണ് നിർമാണം. ക്ലാസിക് രൂപം നിലനിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. മുൻഗ്രില്ലുകളും വട്ടത്തിലുള്ള പ്രൊജക്റ്റർ ഹെഡ്‌ലാമ്പുകളും വേറിട്ടു നിൽക്കുന്നു. ലാഡർ ഓൺഫ്രെയിം നിർമാണ ശൈലിയാണ്. ഫോഗ് ലാമ്പിലും ഹെഡ്‌ലാമ്പിലും പാരമ്പര്യവും പുതുമയും ചേർന്നു നിൽക്കുന്നു.

Suzuki-Jimny-2019 Suzuki Jimny 2019

സുസുക്കിയുടെ ബലേനൊ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളിൽ കാണുന്ന ടെക്നോളജികളെല്ലാം ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്. 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവുമുണ്ട്. ഒാൾ ബ്ലാക് തീമിലുള്ള പ്രീമിയം ലുക്കുള്ള ഇന്റീരിയറാണ്. എൻജിൻ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും1.2 ലീറ്റർ കെ സീരിസ് പെട്രോൾ, 1 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എന്നിങ്ങനെ ഓപ്ഷനുകളോടുകൂടിയാണ് പുതിയ ജിംനി വിപണിയിലെത്തുക എന്നാണ് പ്രതീക്ഷ. ജാപ്പനീസ് വിപണിയിൽ 660 സിസി എൻജിനുമുണ്ടാകും. ബലേനൊയും ചെറു എസ് യു വി ഇഗ്നിസും നിര്‍മിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലാകും ജിംനിയുടെ നിര്‍മാണം.

Suzuki-Jimny-2019-3 Suzuki Jimny 2019

1970 ൽ പുറത്തിറങ്ങിയ ജിംനി 194 രാജ്യങ്ങളിലായി ഏകദേശം 2.84 ദശലക്ഷം യൂണിറ്റുകൾ വിറ്റുപോയിട്ടുണ്ട്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ജിംനി ജപ്പാനില്‍ ജനപ്രീതി സമ്പാദിച്ചു. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1981ല്‍ രണ്ടാം തലമുറ ജാപ്പനീസ് വിപണിയിലെത്തി. ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ഇന്ത്യയിൽ അവതരിപ്പിച്ച ജിപ്‌സി. ഇന്ത്യയില്‍ ജിപ്‌സിയുടെ ഒരു തലമുറ മാത്രേമേ ഇറങ്ങിയിട്ടുള്ളുവെങ്കിലും രാജ്യാന്തര വിപണിയില്‍ 1998ല്‍ മൂന്നാം തലമുറയും പുറത്തിറങ്ങി.

Suzuki-Jimny-2019-2 Suzuki Jimny 2019

മൂന്നാം തലമുറ പുറത്തിറങ്ങിയത് ശേഷം നീണ്ട 20 വര്‍ഷം കഴിഞ്ഞെങ്കിലും വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല. ജീപ്പ് റെനഗേഡ് പോലുള്ള ലൈറ്റ് ജീപ്പ് മോഡലുകളുടെ രാജ്യാന്തര വിപണിയിലെ മികച്ച പ്രകടനമാണ് സുസുക്കിയെ നാലാം തലമുറ വിപണിയിലെത്തിക്കുന്നതിന് പ്രേരിപ്പിച്ചത്. സുസുക്കിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ലോക വിപണിയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലായിരിക്കും.

Suzuki-Jimny-2019-4 Suzuki Jimny 2019

ദക്ഷിണേഷ്യയിലേയും യൂറോപ്പിലേയും ബ്രസീലിലേയും ജപ്പാനിലേയും വിപണികളിലേക്കുള്ള ജിംനിയായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. അതുകൊണ്ടു തന്നെ ഈ ജിംനി തന്നെ ജിപ്‌സിയായി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമോ എന്ന ആകാംക്ഷയിലാണ് വാഹന ലോകം. എന്നാല്‍ കമ്പനി ഇതുവരെ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.