രാജ്യത്തെ പ്രഥമ പൗരൻ മുതൽ പൊതുജനം വരെ ഒരുപോലെ ഉപയോഗിച്ച കാർ എന്ന പേര് അംബാസിഡറിന് മാത്രം സ്വന്തമാണ്. നാനാത്വത്തിലെ ഏകത്വം പോലെ ഇന്ത്യക്കാരെ മുഴുവൻ കൂട്ടിചേർത്തു ആ കണ്ണി. ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസിഡർ കാറുകളുടെ നിർമാണം അവസാനിപ്പിച്ചെങ്കിലും ഇന്നും ജനപ്രിയതയിൽ ഏറെ മുന്നിലാണ് ഈ കാർ. ഏകദേശം ആറു പതിറ്റാണ്ടോളം, കൃത്യമായി പറഞ്ഞാല്‍ 56 വർഷം, ഇന്ത്യൻ നിരത്തുകളിൽ അടക്കിവാണതിനു ശേഷമാണ് അംബാസിഡർ വിടവാങ്ങിയത്.
വിഐപികളുടേയും വിവിഐപികളുടേയും വാഹനവ്യൂഹങ്ങളിൽ നിന്ന് അംബാസിഡറുകൾ പതിയെ വിടവാങ്ങിയെങ്കിലും പൊതുജനങ്ങളുടെ പ്രിയ വാഹനമാണ് ഇന്നും ഈ സുന്ദര കാർ. കൂടിയ ഭാരവും കുറഞ്ഞ വേഗവുമൊക്കെയായിരുന്നു ഈ കാറിനെപ്പറ്റി ഉയർന്നുകേട്ട പരാതികളെങ്കിൽ അംബാസിഡർ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കിടിലൻ സ്റ്റണ്ട് വിഡിയോ പുറത്തുവന്നിരിക്കുന്നു.
റെട്രോ ക്ലാസിക്ക് ഇന്ത്യൻ എന്ന യൂട്യൂബ് ചാനലാണ് സ്റ്റണ്ട് പുറത്തുവിട്ടത്. അതിവേഗ ബ്രേക്കിങും ഡ്രിഫ്റ്റിങ്ങുമെല്ലാം അംബാസിഡറിൽ ചെയ്യുന്നത് ഈ വിഡിയോയിൽ കാണാം.