മന്ത്രിമാരുടെ ഇഷ്ടവാഹനമാണ് ടൊയോട്ട ഇന്നോവ. മികച്ച യാത്രസുഖമുള്ള ഈ എംയുവി വേണമെന്ന് ജനപ്രതിനിധികൾ വാശിപിടിക്കാറുണ്ട്. എന്നാൽ ഇന്നോവ ചെറിയ വാഹനമാണെന്നും തനിക്ക് സഞ്ചരിക്കാനായി എസ്‍യുവി തന്നെ വേണമെന്നും ഒരു മന്ത്രി. സംഭവം നടന്നത് കർണാടകയിലാണ്. അടുത്തിടെ അധികാരത്തിലേറിയ കുമാരസ്വാമി മന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ അഹമ്മദ് ഖാനാണ് ആവശ്യം തുറന്നുപറഞ്ഞത്.
ഇന്നോവ മികച്ച വാഹനമാണ്, പണ്ടുമുതൽ വലിയ എസ്‌യുവികളിൽ യാത്ര ചെയ്ത് ശീലിച്ച തനിക്ക് ഇന്നോവ പറ്റില്ലെന്നുമാണ് മന്ത്രി പറയുന്നത്. ഔദ്യോഗിക വാഹനമായി ടൊയോട്ട ഇന്നോവ ലഭിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രിയുടെ ദൃശ്യങ്ങളും പുറത്തെത്തി. അനുവദിച്ച ഔദ്യോഗിക കാര്‍ തീരെ ചെറുതായി പോയി. ചെലവു ചുരുക്കല്‍ നടപടികളുമായി കുമാരസ്വാമി മുന്നോട്ടുപോകുമ്പോഴാണ് സ്വന്തം മന്ത്രിയുടെ ഈ ആവശ്യം.
പുതിയ കാർ വാങ്ങാൻ സാമ്പത്തിക അച്ചടക്കം അനുവദിക്കില്ലെങ്കിൽ മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ ഉപയോഗിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ മതിയെന്ന് മന്ത്രി പറയുന്നു. 'കാലങ്ങളായി എസ്‌യുവിയില്‍ മാത്രമെ താന്‍ യാത്ര ചെയ്യാറുള്ളൂ തനിക്ക് ഇന്നോവയിലെ യാത്ര ദുഷ്കരമായിരിക്കും. ഇന്നോവയെക്കാളും മികച്ച യാത്രാ സുഖം ഫോര്‍ച്യൂണറില്‍ കിട്ടും' - എന്നും മന്ത്രി പറയുന്നു.