അഗ്നിബാധയ്ക്കുള്ള സാധ്യതയുടെ പേരിൽ ‘സൂപ്പർ സ്പോർട്’, ‘സൂപ്പർ സ്പോർട് എസ്’ ബൈക്കുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഫോക്സ്വാഗൻ എ ജിയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ നിർമാതാക്കളായ ഡ്യുകാറ്റി ഒരുങ്ങുന്നു. യു എസിൽ ഇത്തരത്തിലുള്ള 1,462 ബൈക്കുകൾ തിരിച്ചുവിളിക്കുമെന്നാണ് യു എസ് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷ(എൻ എച്ച് ടി എസ് എ)നെ കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലും ഇത്തരം ബൈക്കുകൾ വിൽപ്പനയ്ക്കുണ്ടെങ്കിലും എത്ര വാഹനങ്ങൾ തിരിച്ചു വിളിക്കേണ്ടി വരുമെന്ന് ഡ്യുകാറ്റി ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.
അപ്രതീക്ഷിതമായി ബൈക്കിനു തീ പിടിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ഡ്യുകാറ്റി ഇരു മോഡലുകളും തിരിച്ചു വിളിച്ചു പരിശോധിക്കുന്നത്. എക്സോസ്റ്റ് പൈപ്പിനു സമീപത്തു കൂടി ചില ഹോസുകൾ കടന്നു പോകുന്നതാണു പ്രശ്നമെന്നു കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ട്. എക്സോസ്റ്റ് ചൂടാവുന്നതോടെ ഫ്യുവൽ ടാങ്ക് ഓവർ ഫിൽ ഹോസും എയർ ബോക്സ് ബ്ലോ ബൈ ഹോസുമൊക്കെ ഇരുകാനും തുടർന്നു തീ പിടിക്കാനുമുള്ള സാധ്യതയാണു നിലനിൽക്കുന്നത്. എക്സോസ്റ്റിലെ ചൂടു മൂലം ഹോസ് ഉരുകി ഉള്ളിലെ ദ്രാവക — വാതക രൂപത്തിലുള്ള ഇന്ധനം തീ പിടിക്കുന്നതാണു പ്രശ്നം സൃഷ്ടിക്കുന്നതെന്നാണു ഡ്യുകാറ്റിയുടെ വിലയിരുത്തൽ.
യു എസിൽ ബൈക്കുകൾ തിരിച്ചുവിളിച്ച പിന്നാലെ ഇന്ത്യയിലും പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ തിരിച്ചറിയൽ നമ്പർ(വി ഐ എൻ) ലഭിച്ചിട്ടുണ്ടെന്ന് ഡ്യുകാറ്റി ഇന്ത്യ അറിയിച്ചു. വൈകാതെ ബൈക്കുകൾ തിരിച്ചു വിളിച്ചു പരിശോധിക്കുന്നതു സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തെയും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സിനെയും വിവരം അറിയിക്കുമെന്നും ഡ്യുകാറ്റി വെളിപ്പെടുത്തി. എന്തായാലും ‘സൂപ്പർ സ്പോർട്’, ‘സൂപ്പർ സ്പോർട് എസ്’ ബൈക്കുകൾ തിരിച്ചുവിളിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നു ഡ്യുകാറ്റി വ്യക്തമാക്കി. ഇന്ത്യയിൽ പരിശോധന ആവശ്യമുള്വ ബൈക്കുകളുടെ കൃത്യമായ എണ്ണവും ഈ പ്രഖ്യാപനത്തിനൊപ്പം പ്രതീക്ഷിക്കാം.
അതേസമയം വാഹനം ഐഡ്ൽ ചെയ്യുന്ന വേളയിൽ പുക ഉയരുകയോ താഴെ ഇടതു ഫെയറിങ്ങിൽനിന്നു റബർ കരിയുന്ന ഗന്ധം ഉയരുകയോ ചെയ്താൽ സൂക്ഷിക്കണമെന്നാണ് എൻ എച്ച് ടി എസ് എയുടെ മുന്നറിയിപ്പ്. അപകടം ഒഴിവാക്കാൻ ഹോസുകളുടെ സ്ഥാനം മാറ്റണമെന്നാണു നിർദേശം. നിലവിലുള്ള ഇലക്ട്രിക്കൽ വയറിങ്ങിനു മുന്നിലേക്ക് ഹോസ് മാറ്റുന്നതോടെ എക്സോസ്റ്റ് മാനിഫോൾഡുമായി ബന്ധപ്പെടാനുള്ള സാധ്യത ഒഴിവാകുമെന്നും അഡ്മിനിസ്ട്രേഷൻ വിശദീകരിക്കുന്നു.
ഇറ്റലിയിലെ ബൊളോണയിലുള്ള ശാലയിൽ നിർമിച്ച ‘സൂപ്പർ സ്പോർട്’, ‘സൂപ്പർ സ്പോർട് എസ്’ ബൈക്കുകളിലാണു തകരാർ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയിൽ വിൽക്കുന്ന ബൈക്കുകൾ തായ്ലൻഡിലെ ശാലയിലാണു നിർമിച്ചിരിക്കുന്നത്. ഇന്ധനവുമായി ബന്ധപ്പെട്ട തകരാറുകളുടെ പേരിൽ യു എസിൽ ‘പനിഗേൽ വി ഫോർ’ ബൈക്കുകളും എൻ എച്ച് ടി എസ് എ നിർദേശപ്രകാരം തിരിച്ചുവിളിച്ചിരുന്നു. ഈ മോഡലിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കാത്തതിനാൽ ഈ പരിശോധന ഇവിടെ ബാധകമായില്ല.