ചെകുത്താന്റെ നമ്പറുമായി ലാലേട്ടന്റെ കാർ

Lucifer

മീശപിരിച്ച് ലാലേട്ടൻ, സംവിധായകനായി പൃഥ്വിരാജ് ആരാധകർക്ക് ആവേശമാകാൻ വെറെന്തുവേണം. പറഞ്ഞുവരുന്നത് ലൂസിഫറിനെ കുറിച്ചാണ്. ചിത്രത്തിൽ ലാലേട്ടന് കൂട്ടായി എത്തുന്നത് ലാൻഡ് മാസ്റ്റർ കാർ. ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 ആണ് വാഹനത്തിന്റെ നമ്പർ. കറുത്ത നിറമുള്ള അംബാസിഡർ ലാൻഡ് മാസ്റ്റാണ് ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്നത്.

സംവിധായകൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം വൈറലാണ്. ചിത്രീകരണ വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനുമുമ്പും മോഹൻലാൽ ചിത്രങ്ങളിൽ അമ്പാസി‍ഡറുകൾ താരമായിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പിയിലെ ലാലേട്ടന്റെ വാഹനവും കറുത്ത അംബസിഡറായിരുന്നു. ഉത്പാദനം നിർത്തിയെങ്കിലും ഇന്നും ജനപ്രിയതയിൽ ഏറെ മുന്നിലാണ് ഈ കാർ. ഏകദേശം ആറു പതിറ്റാണ്ടോളം, കൃത്യമായി പറഞ്ഞാല്‍ 56 വർഷം, ഇന്ത്യൻ നിരത്തുകളിൽ അടക്കിവാണതിനു ശേഷമാണ് അംബാസിഡർ വിടവാങ്ങിയത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരുന്നു. പോസ്റ്ററിൽ‌ മാസ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. വെളുത്ത ഷർട്ടിൽ മീശപിരിച്ച് കലിപ്പ് ലുക്കിൽ എത്തുന്ന താരത്തിന്റെ പോസ്റ്റർ നേരത്തെ തന്നെ വൈറലായിരുന്നു. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.

വിവേക് ഒബ്റോയിയാണ് വില്ലൻ. ടൊവിനോ തോമസ്. ഇന്ദ്രജിത്ത് എന്നിവർ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാർത്തകൾ ഉണ്ട്. മഞ്ജു വാര്യർ, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്.