കോട്ടയത്ത് പാമ്പാടിയിൽ നടന്ന അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് വാഹനം നിർത്തിയെന്ന് കേരള പൊലീസ്. അപകടത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചാണ് കേരള പൊലീസ് വിവരം പുറത്തുവിട്ടത്. വാഹനാപകടം നടന്നിട്ടും തൊട്ടുപുറകെ വന്ന മോട്ടർവാഹനവകുപ്പ് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വാർത്ത വന്നിരുന്നു. എന്നാൽ കുറച്ചു ദൂരം ചെന്ന മോട്ടോർ വാഹന വകുപ്പിന്റെ വണ്ടി നിർത്തുന്നതും അതിൽ നിന്ന് ഉദ്യോഗസ്ഥർ ഇറങ്ങി അപകടസ്ഥലത്തേക്ക് പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
മോട്ടോർ വകുപ്പ് വാഹനം നിർത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
മോട്ടർവാഹന വകുപ്പ് അധികൃതർക്കെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായതിന് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം. കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ പുറത്തുവിട്ടത്.
അപകടത്തിന്റെ സിസിടിവി ദൃശ്യം
ഹോട്ടലിന്റെ പാർക്കിങ് ഏരിയായിൽ നിന്നു അശ്രദ്ധയോടെ ഹൈവേയിലേക്ക് പ്രവേശിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കെഎസ്ആർടിസി ബസ് റോഡരികിലെ കുഴിയിലേക്കു മറിയുകയായിരുന്നു. ദേശീയപാതയിൽ നെടുംകുഴി ആർഐടി ഗവ. എൻജിനീയറിങ് കോളജ് ജംക്ഷനു സമീപമാണ് അപകടമുണ്ടായത്.