ജർമൻ കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ്പിന്റെ ഓസ്ട്രേലിയയിലെയും ന്യൂസീലൻഡിലെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി വിക്രം പാവ്വ നിയമിതനായി. ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തോടെയാണു പാവ്വ(47) പുതിയ ചുമതലയേൽക്കുക.
ഇതോടൊപ്പം ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ ചെയർമാനായും പാവ്വയ്ക്കു സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ബി എം ഡബ്ല്യുവിന്റെ നേതൃനിരയിലെത്തിയാലും പാവ്വ ഇന്ത്യൻ വിപണിയിലെ നേതൃനിരയിൽ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.
നിലവിൽ ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യയിൽ ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടറായ ഹാൻസ് ക്രിസ്റ്റ്യൻ ബാർടെൽസി(56)നെ കമ്പനിയുടെ ആക്ടിങ് പ്രസിഡന്റായും നിയോഗിച്ചിട്ടുണ്ട്. ബി എം ഡബ്ല്യു ഗ്രൂപ് സീനിയർ വൈസ് പ്രസിഡന്റ്(ഏഷ്യ പസഫിക്) ഹിൽഗാഡ് വോർട്മാനാണു പാവ്വയുടെയും മറ്റും സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്.