Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ സിയാസ് അടുത്ത മാസം, ബുക്കിങ് തുടങ്ങി

ciaz Ciaz

അടുത്ത മാസം മധ്യത്തോടെ അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്ന പരിഷ്കരിച്ച ‘സിയാസ്’ സെഡാനുള്ള ബുക്കിങ്ങുകൾ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ചില ‘നെക്സ’ ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങി. 21,000 രൂപ അഡ്വാൻസ് ഈടാക്കിയാണു നവീകരിച്ച ‘സിയാസ്’ ബുക്ക് ചെയ്യാൻ അവസരം നൽകുന്നത്. പുതിയ കാർ വരുന്നതിനു മുന്നോടിയായി നിലവിലുള്ള ‘സിയാസി’നു വമ്പൻ വിലക്കിഴിവും പല ഡീലർഷിപ്പുകളും അനുവദിക്കുന്നുണ്ട്. അതേസമയം കാഴ്ചയിലെ മാറ്റങ്ങൾക്കപ്പുറം സാങ്കേതികവിഭാഗത്തിലും കാര്യമായ പുതുമകളോടെയാവും പുത്തൻ ‘സിയാസി’ന്റെ വരവ്. പുത്തൻ ഹെഡ്ലാംപ്, മുൻ ബംപർ എന്നിവയ്ക്കൊപ്പം വേറിട്ട മുൻ ഗ്രില്ലും ഈ ‘സിയാസി’ലുണ്ടാവും. 

പുത്തൻ പെട്രോൾ എൻജിനോടെ മാത്രം വിൽപ്പനയ്ക്കുള്ള ‘സിയാസി’ന്റെ പരിഷ്കരിച്ച പതിപ്പിൽ സുസുക്കി ഹൈബ്രിഡ് വെഹിക്ക്ൾ സിസ്റ്റ(എസ് എച്ച് വി എസ്)മെന്ന മൈൽഡ് ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. ഇതോടെ സി വിഭാഗത്തിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാവുന്ന ഏക മോഡലുമാവും പരിഷ്കരിച്ച ‘സിയാസ്’. കാറിലെ പുതിയ 1.5 ലീറ്റർ, കെ സീരീസ് പെട്രോൾ എൻജിന് പരമാവധി 106 പി എസ് വരെ കരുത്തും 138 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സും പുതിയ ‘സിയാസി’ൽ ഇടംപിടിക്കുമെന്നാണു പ്രതീക്ഷ.

പരിഷ്കരിച്ച ‘സിയാസി’ന്റെ ഡീസൽ പതിപ്പുകൾ ഒക്ടോബറോടെ എത്തുമെന്നാണു പ്രതീക്ഷ. ഫിയറ്റിൽ നിന്നുള്ള ലൈസൻസ് ഉപയോഗിച്ചു നിർമിക്കുന്ന 1.3 ലീറ്റർ, മൾട്ടിജെറ്റ് ടർബോചാർജ്ഡ് എൻജിനാവും ഡീസൽ ‘സിയാസി’നു കരുത്തേകുകയെന്നാണു സൂചന; പെട്രോൾ എൻജിനിലെ പോലെ മൈൽഡ് ഹൈബ്രിഡ് സംവിധാനം ഈ എൻജിനിലുമുണ്ടാവും. 89 ബി എച്ച് പി വരെ കരുത്തും 200 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ.