ബൈക്കിൽ പറന്ന് സദ്ഗുരു, കൂട്ടിന് ബാബ രാംദേവും

Sadhguru & Baba Ramdev

ഇരുചക്ര വാഹനങ്ങളുടെ വലിയ വിപണിയാണ് നമ്മുടെ രാജ്യം. 18 തികഞ്ഞവർ മുതൽ 80 വയസായവർ വരെ ഇരുചക്രവാഹനങ്ങളെ ഇഷ്ടപ്പെടുകയും ഓടിച്ചുനോക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിൽ സന്യാസിമാർ വരെ ബൈക്ക് പ്രേമികളാണെന്നതാണ് സത്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു വിഡിയോ ഇത് അടിവരയിടുന്നു. യോഗഗുരുക്കന്മാരും സന്യാസിമാരുമായ ബാബ രാംദേവും സദ്ഗുരുവുമാണ് ഡ്യുക്കാറ്റി സ്ക്രാംബ്ളർ ബൈക്കിൽ യാത്ര ആസ്വദിക്കുന്നത്.  

സദ്ഗുരുവിന്റെ വാഹനത്തിന്റെ പുറകിലിരുന്നാണ് ബാബ രാംദേവിന്റെ യാത്ര. ശിഷ്യന്മാരുടെ അകമ്പടിയോടെയാണ് ഇരുവരും യാത്ര ആരംഭിക്കുന്നത്. യാത്രയിലുടനീളം  പാതയരികിൽ നിൽക്കുന്നവരെയെല്ലാം അഭിവാദ്യം ചെയ്യുന്നുണ്ട് ഇരുവരും. ബൈക്ക് റൈഡറായ സദ്ഗുരുവിന്റെ കൂടെയുള്ള യാത്രയെക്കുറിച്ച് ബാബാ രംദേവ് പറയുന്നതും വിഡിയോയിലുണ്ട്. 

ഇതിനു മുമ്പും നിരവധി തവണ സദ്ഗുരു ബൈക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊളേജ് കാലഘട്ടം മുതൽ ബൈക്കുകളെ ഇഷ്ടപ്പെട്ടിരുന്ന സദ്ഗുരുവിന്റെ അക്കാലത്തെ ബൈക്ക് യെസ്‍ഡിയായിരുന്നു.  ബിഎ‍‍ംഡ്ബ്ല്യുവിന്റെ അ‍ഡ്വഞ്ചർ സ്പോർട്സ് ബൈക്കായ ജിഎസ് 1200 ആറിൽ സദ്ഗുരു സഞ്ചരിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ബാബാ രാംദേവുമായി സഞ്ചരിച്ച ഇതേ ഡ്യൂക്കാറ്റി സ്ക്രാംബ്‌ളറിൽ തന്നെ റാലി ഫോർ റിവർ എന്ന റാലിയുടെ ഭാഗമായി സദ്ഗുരും മുംബൈ നഗരം ചുറ്റിയിട്ടുണ്ട്.  

ഡ്യുകാറ്റി സ്ക്രാംബ്ലർ ഡസേർട്ട് സ്ലെഡ് വേർഷനിലാണ് സദ്ഗുരുവും ബാബാ രാംദേവും സഞ്ചരിച്ചത്. ഏകദേശം 9.32 ലക്ഷം രൂപയാണു ബൈക്കിന്റെ ഇന്ത്യൻ വില. കാലിഫോണിയയിലെ പർവതനിരകളിലും മരുഭൂമികളിലുമൊക്കെ 1960 — 70 കാലഘട്ടത്തിൽ യു എസ് മോട്ടോർ സൈക്ലിങ് ഇതിഹാസം രചിച്ച, ഓഫ് റോഡ് ബൈക്കുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സ്ക്രാംബ്ലർ ഡസേർട്ട് സ്ലെഡിന്റെ ഡിസൈൻ. 803 സി സി എൻ‌ജിന് 75 ബി എച്ച് പി കരുത്തും 68 എൻ എം ടോർക്കുമുണ്ട്.