Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളക്കെട്ടിനെ വകഞ്ഞു മാറ്റി മാരുതി ജിപ്സി–വിഡിയോ

gipsy Screengrab

കനത്ത മഴയിൽ കരകവിഞ്ഞൊഴുകുകയാണ് നമ്മുടെ ആറുകളും പുഴകളും. പ്രളയക്കെടുതിയിലാണ് നാടെങ്ങും. തീരദേശത്തു താമസിക്കുന്നവരുടെ വീടും വാഹനങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടു ഭയന്ന് ആളുകൾ വാഹനം പുറത്തേക്ക് ഇറക്കാതിരിക്കുമ്പോൾ വെള്ളക്കെട്ടിലൂടെ കൂളായി പോകുന്ന ജിപ്സിയുടെ വിഡിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പെരുമ്പാവൂരില്‍ നിന്നാണ് വിഡിയോ.

മാരുതിയുടെ എസ്‌യുവിയായ ജിപ്സി ഇന്ത്യയിലെ ഏറ്റവും മികച്ച ഓഫ് റോ‍ഡ് വാഹനങ്ങളിലൊന്നാണ്. വിഡിയോയിൽ കാണുന്ന ജിപ്സിയുടെ എയർ ഇൻടേക്ക് /സ്നോർക്കൽ ഉയർന്നതാണ്. വാഹനം പൂർണമായും മുങ്ങിയാൽ മാത്രമേ എയർഇൻടേക്കിലൂടെ വെള്ളം എൻ‌ജിനിലേക്കു കയറുകയുള്ളു. അതുകൊണ്ടാണ് ഈ ജിപ്സിക്ക് സുഖമായി വെള്ളത്തിലൂടെ പോകാൻ സാധിച്ചത്. എന്നാൽ എസ്‌യുവികൾ വെള്ളക്കെട്ടിൽ ഇറങ്ങുന്നതുകണ്ട് മറ്റു വാഹനങ്ങൾ അതിനു ശ്രമിക്കരുത്.  ഓരോ വാഹനത്തിലെയും എയർ ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാൽ എൻജിൻ ഓഫാകും. 

Maruti Gypsy

∙ വെള്ളത്തിൽ വെച്ച് എൻജിൻ ഓഫായാൽ ബാറ്ററി ടെർമിനലിൽനിന്നു വേർപെടുത്തുന്നതു നന്ന്. എത്രയും പെട്ടെന്ന് സർവീസ് സഹായം തേടുക. 24 മണിക്കൂർ റോഡ് സേവന നമ്പറുകൾ മിക്ക കാറുകളിലും പെട്ടെന്നു കാണും വിധം രേഖപ്പെടുത്തിയിട്ടുണ്ടാവും. ചില കമ്പനികൾക്ക് മൊബൈൽ ആപ്പുകൾ പോലുമുണ്ട്. 

∙ വലിച്ചു നീക്കേണ്ട സാഹചര്യം ഉണ്ടായാൽ ശ്രദ്ധിക്കുക. ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ളതാണെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ നിലത്തുനിന്നുയർത്തി വേണം വലിക്കാൻ. അല്ലെങ്കിൽ ഗിയർ ബോക്‌സ് തകരാറിലാകും. മാനുവൽ ട്രാൻസ്മിഷനിൽ ഗിയർ ന്യൂട്രലിൽ ഇടണം.

∙ കഷ്ടകാലത്തിന് എൻജിനിൽ വെള്ളം കയറിയാൽ പണിയാണ്. വെള്ളം കയറിയ കാറിന്റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മൂന്നു തവണ ഓയില്‍ കയറ്റി ഫ്ളഷ് െചയ്ത് എൻജിൻ വൃത്തിയാക്കണം. എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ പുതിയതു വേണം. എൻജിനിലേക്കു വെള്ളം കയറാൻ സാധ്യതയുള്ള എല്ലാ ഇൻടേക്കുകളും വൃത്തിയാക്കണം. 

∙ ഗിയർ ബോക്സ്, സസ്പെൻഷൻ, ഫ്യുവൽ െെലൻ, ബ്രേക്ക് സിസ്റ്റം എല്ലാം പരിശോധിക്കണം. ഇലക്ട്രിക് ഘടകങ്ങൾ വിശദമായിത്തന്നെ ചെക്ക് ചെയ്യണം. സംശയം തോന്നുന്ന ഘടകങ്ങളും ഫ്യൂസുകളും മാറ്റേണ്ടി വന്നേക്കാം. ഇനി എ‍ൻജിൻ സ്റ്റാർട്ട് ചെയ്യുക. രണ്ടു മിനിറ്റ് ഓൺ ആക്കിയിടുക. അതിനു ശേഷം മാത്രമേ ഓടിക്കാവൂ. ഉള്ളിൽ വെള്ളം കയറിയ സീറ്റും മാറ്റും എല്ലാം ഉണക്കേണ്ടിയും വരും. തുരുമ്പു കയറിയിട്ടുണ്ടോ എന്നും വിശദ പരിശോധന വേണം.

∙ പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിനു സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്കു കീഴിൽ വരുന്നുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്നവയ്ക്കു പരിമിതികളുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ പാർക്ക് െചയ്തിരിക്കുമ്പോൾ മരം വീണും മണ്ണിടിച്ചില്‍ മൂലവുമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. എൻജിനിൽ വെള്ളം കയറുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇൻഷുറൻസ് നിയമങ്ങൾ പറയുന്നത്. വാഹനം പൂർണമായി വെള്ളത്തിൽ മുങ്ങിക്കിടന്നാലും എൻജിനിൽ വെള്ളം കയറാനുള്ള സാഹചര്യമില്ല. സ്റ്റാർട്ടാക്കിയാൽ മാത്രമേ എന്‍ജിനിൽ വെള്ളം കയറുകയുള്ളൂ.