ചിലപ്പോള്‍ മരണത്തില്‍ നിന്നായിരിക്കും നമ്മേ ഭാഗ്യം രക്ഷിക്കുന്നത്. ഒരു നിമിഷത്തെ ഭാഗ്യം കൊണ്ട് പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടും. അത്തരത്തില്‍ ഭാഗ്യം അല്ലെങ്കില്‍ അദ്ഭുതം എന്ന വാക്കിന് അര്‍ഥം കാണിക്കുന്ന വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കണ്ടു നില്‍ക്കുന്നവര്‍ പേടിച്ച് വിറങ്ങലിച്ച് നിന്ന് പോയ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടത് അഞ്ചുവയസുകാരിയാണ്.
ബെംഗളൂരുവിലെ തുംകൂർ റോഡിലായിരുന്നു അപകടം. കുട്ടിയുമായി ബൈക്കില്‍ സഞ്ചരിച്ച കുടുംബമാണ് അപകടത്തില്‍ പെട്ടത്. മുന്‍പില്‍ പോയ സ്‌കൂട്ടറില്‍ തട്ടിയതോടെ ബൈക്ക് ഓടിച്ചിരുന്ന ആളും പിന്നിലിരുന്ന സ്ത്രീയും വീഴുകയായിരുന്നു. എന്നാല്‍ പെട്രോള്‍ ടാങ്കിന് മുകളില്‍ ഇരുന്ന കുട്ടിയുമായി ബൈക്ക് മുന്നോട്ട് ഓടി. ഏകദേശം 200 മീറ്ററോളം ദൂരം കുട്ടിയുമായി ബൈക്ക് കുതിച്ചു. മുന്നില്‍ പോയിരുന്ന ചരക്കുലോറിയില്‍ തട്ടാതെ കുഞ്ഞുമായി ബൈക്ക് റോഡിന് സമീപത്തെ പുല്‍ത്തകിടിയില്‍ ചരിഞ്ഞുവീഴുകയായിരുന്നു. പിന്നാലെയെത്തിയ കാറിലെ ഡാഷ് ക്യാമിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
മുന്നിലുളള വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സ്പീഡില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ മുന്നിലുളള സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. സ്പീഡ് കാരണം ബൈക്ക് വീഴാതെ മുന്നോട്ടുനീങ്ങുകയായിരുന്നു. പുല്‍ത്തകിടില്‍ വീണത് കൊണ്ട് കുട്ടിയുടെ പരുക്ക് നിസാരമാണ്. അതേസമയം ബൈക്ക് ഓടിച്ചിരുന്ന വ്യക്തി അപകടം ഉണ്ടായതിനുപിന്നാലെ സ്ത്രീയെയും കുട്ടിയെയും ഉപേക്ഷിച്ചശേഷം അവിടെനിന്നും കടന്നു കളഞ്ഞതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.