Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിൽ ചൈനീസ് വാഹനം വിൽക്കാനില്ലെന്നു ഫോഡ്

ford-logo

ചൈനയിൽ നിർമിച്ച വാഹനങ്ങൾ യു എസിൽ വിൽക്കാനുള്ള പദ്ധതി ഫോഡ് മോട്ടോർ കമ്പനി ഉപേക്ഷിച്ചു. ചൈനയിൽ നിർമിക്കുന്ന ചെറു വാഹനങ്ങൾ യു എസിലെത്തിച്ചു വിൽക്കാനാണു ഫോഡ് ആലോചിച്ചിരുന്നത്. എന്നാൽ ചൈനീസ് നിർമിത ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം ഉപേക്ഷിക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് നിർബന്ധിതരായത്. 

ചൈനയുമായുള്ള വ്യാപാരയുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആ രാജ്യത്തു നിർമിച്ച 20,000 കോടി ഡോളർ മൂല്യമുള്ള ഉൽപന്നങ്ങൾക്കു കൂടി ഇറക്കുമതി ചുങ്കം ഉയർത്താൻ യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തയാറെടുക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണു ചൈനീസ് ഇറക്കുമതിയെന്ന ആശയം ഉപേക്ഷിക്കാൻ ഫോഡ് ഒരുങ്ങുന്നത്. ചൈനയിൽ നിർമിച്ച വാഹനങ്ങൾക്ക് ഇപ്പോൾ തന്നെ ട്രംപ് ഭരണകൂടം 25% ഇറക്കുമതി ചുങ്കം ഈടാക്കുന്നുണ്ട്. പോരെങ്കിൽ ദേശീയ സുരക്ഷയുടെ പേരിൽ ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ചുങ്കം ഈടാക്കാനുള്ള സാധ്യതയും ട്രംപ് പരിഗണിക്കുന്നുണ്ട്. 

ക്രോസോവറെന്നു ഫോഡ് വിശേഷിപ്പിക്കുന്ന പുത്തൻ കാറായ ‘ആക്ടീവ്’ ചൈനയിൽ നിർമിച്ച് യു എസിൽ വിൽക്കാനുള്ള സാധ്യതയാണു കമ്പനി പരിശോധിച്ചിരുന്നത്. ഈ തീരുമാനം ഉപേക്ഷിക്കാനുള്ള തീരുമാനം യു എസിലെ വാഹന വിൽപ്പനയെ ബാധിക്കുകയോ തൊഴിലവസരം നഷ്ടമാക്കുകയോ ചെയ്യില്ലെന്നും ഫോഡ് നോർത്ത അമേരിക്ക മേധാവി കുമാർ ഗൽഹോത്ര വ്യക്തമാക്കുന്നു.

ഉയർന്ന ഇറക്കുമതി ചുങ്കം നൽകേണ്ടി വരുന്നതു യു എസിൽ ഫോഡ് ‘ആക്ടീവി’ന്റെ വിലയേറാൻ ഇടയാക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണു ചൈനയിൽ നിന്നുള്ള വാഹന ഇറക്കുമതിയിൽ നിന്നു കമ്പനി പിൻമാറുന്നതെന്നും ഗൽഹോത്ര വെളിപ്പെടുത്തി.അതേസമയം യൂറോപ്പിലും ചൈനയിലും ‘ആക്ടീവ്’ നിർമിച്ചു വിൽക്കാനുള്ള മുൻതീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സാവട്ടെ പുതിയ ഇറക്കുമതി ചുങ്കത്തിൽ നിന്ന് ഇളവു നേടാനാണു ശ്രമം നടത്തുന്നത്. യൂട്ടിലിറ്റി വാഹനമായ ‘ബ്യുക്ക് എൻവിഷ’നു വേണ്ടിയാണു കമ്പനി ചുങ്കത്തിൽ ഇളവ് അഭ്യർഥിച്ചിരിക്കുന്നത്.